രാഷ്ട്രീയ നിറമുള്ള കൊടുക്കൽ വാങ്ങൽ വിവാദങ്ങൾക്ക് പിന്നാലെ മാധ്യമരംഗത്തും പിടിമുറുക്കാന്‍ ബിസിനസ് ഭീമനായ അദാനി ഗ്രൂപ്പ്. മുന്‍നിര മാധ്യമമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചു.
ഓഹരി ഉടമകളില്‍ നിന്ന് 294 രൂപ നിരക്കില്‍ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്നാണ് കമ്പനി തന്നെ അറിയിച്ചിട്ടുള്ളത്. അദാനി എന്റര്‍പ്രൈസസ് അനുബന്ധ കമ്പനിയായ Vishvapradhan Commercial Private Limited (VCPL) ൻ്റെ പേരിലാണ് ഓഹരികള്‍ സ്വന്തമാക്കയത്.
എന്‍ഡിടിവി പ്രമോട്ടര്‍മാരില്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിങ്ങിന്റെ 99.5 ഓഹരിയാക്കി മാറ്റാവുന്ന വാറന്റുകള്‍ വാങ്ങുന്ന നടപടി പൂര്‍ത്തിയാകുന്നതോടെ എന്‍ഡിടിവിയില്‍ അദാനിക്ക് 29.18 ശതമാനം ഓഹരി പങ്കാളിത്തമാകും.
ഭരണ സംവിധാനങ്ങളോട് വിമർശനാത്മക നിലപാട് കൃത്യമായി സൂക്ഷിക്കുന്ന മാധ്യമ പ്രവർത്തനമാണ് എൻഡിടിവി മുന്നോട്ട് വെച്ചിട്ടുള്ളത്. പല വിധത്തിൽ ജനാധിപത്യ സംവിധാനങ്ങൾ വെല്ലുവിളിക്കപ്പെടുമ്പോൾ സ്വതന്ത്ര മാധ്യമങ്ങളും വിലക്കെടുക്കപ്പെടുന്നു എന്ന നിലയിലും ഈ സംഭവത്തെ വിലയിരുത്തുന്നവരുണ്ട്.
1988 ലാണ് എൻഡിടിവി പ്രവർത്തനം തുടങ്ങുന്നത്. പ്രണവ് റോയിയും ഭാര്യ രാധികയും ആയിരുന്നു തലപ്പത്ത്. 61.45 ഓഹരി വിഹിതവും അവർക്കായിരുന്നു.
ചില്ലറ ഒഹരികൾ വാങ്ങിക്കൂട്ടി, സ്വന്തമാക്കാൻ ഒരു നീക്കം കൂടി
ഇതിന് പുറമെ എന്‍ഡിടിവി (New Delhi Television Limited) യുടെ 26 ശതമാനം ഓഹരി വിഹിതം കൂടി വാങ്ങാനുള്ള താത്പര്യവും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേരിട്ട് അദാനിക്ക് ഓഹരി വില്ക്കുകയോ അതിനുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും പ്രധാന ഓഹരി ഉടമകളായ രാധികയോ പ്രണോയ് റോയിയോ ഇത്തരത്തില്‍ ഉടമസ്ഥാവകാശ വില്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നുമാണ് എന്‍ഡിടിവി അറിയിച്ചിരിക്കുന്നത്.
മൂന്നു ദേശീയ ചാനൽ സ്വന്തമായുള്ളതാണ് എൻ ഡി ടി വിയുടെ സാന്നിധ്യം. വിവിധ ഓൺലൈൻ മീഡിയങ്ങളിലായി 35 മില്യൺ ഫോളോവേഴ്സ് ഉണ്ട്.