ഒരു കിലോ ചിക്കൻ കറിക്ക് ചെലവ് 485 രൂപ. വിലക്കയറ്റ സൂചികകളിൽ ജനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ചിക്കൻ കൂടി മാനദണ്ഡമായതോടെ ലഭ്യമായ കണക്കുകൾ എരിഞ്ഞ് പൊള്ളിക്കും. പിടിവിട്ട നിലയിലുള്ള വിലക്കയറ്റം അടുക്കളകളെയും ഞെരുക്കുകയാണ്.
ഒരു കിലോ ചിക്കൻ കറി വയ്ക്കാൻ ഇപ്പോൾ 485 രൂപ വേണമെന്ന് കണക്കുകൾ. ‘ചിക്കൻ കറി സൂചിക’യെന്നപേരിൽ ട്രൂബോർഡ് പാർട്ണേഴ്സ് നടത്തിയ പഠനത്തിലാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഓരോ വർഷവും പത്തുശതമാനമെന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷവും കറി ചെലവ് (സംയുക്ത വാർഷിക നിരക്ക്) വർധിച്ചതായി കണ്ടെത്തി.
ഒരു കിലോ കോഴി കറിക്ക് വേണ്ട ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, ഭക്ഷ്യ എണ്ണ, പാചകവാതകം തുടങ്ങി എല്ലാ ഘടകവും ഉൾപ്പെടുത്തിയാണ് ചെലവ് കണക്കാക്കിയത്. ക്രമേണ ജനങ്ങൾ ഭക്ഷണം നിയന്ത്രിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഈ നിയന്ത്രണമാവട്ടെ അവരവർ അറിയാതെ വന്നു ചേരുകയാണ്.
ചിക്കൻ കറി സൂചികയിലെ വർധന ചില്ലറവിൽപ്പനമേഖലയിലെ പണപ്പെരുപ്പത്തിന്റെ ഭാഗമാണന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2017 മാർച്ചിൽ 300 രൂപയായിരുന്നു ചെലവ്. പനീർ മസാല പാകം ചെയ്യാനുള്ള ചെലവ് വർഷംതോറും ഏഴുശതമാനം വീതം വർധിക്കുന്നതായും പഠനം വ്യക്തമാക്കുന്നു.
കേരള ചിക്കൻ എന്ന പേരിൽ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് ഇറച്ചി കോഴി ഉല്പാദന രംഗത്ത് മാറ്റത്തിന് ശ്രമിച്ചിരുന്നു. ഒരു കിലോ ചിക്കൻ 120 രൂപയ്ക്ക് ലഭ്യമാക്കും. വില നിയന്ത്രിക്കും എന്നൊക്കെയായിരുന്നു വാഗ്ദാനം. ഇപ്പോൾ ചിക്കൻ വിപണിയിൽ നിയന്ത്രണം ഇല്ലാത്ത അവസ്ഥയാണ്. പെട്രോളിയം വില പോലെ ദിവസവും തോന്നിയ പോലെ മാറുന്നു. കിലോയ്ക്ക് 250 രൂപവരെ ഈടാക്കുന്നു. വാഗ്ദാനവും പ്രഖ്യാപനവും അല്ലാതെ സർക്കാരിന് നിയന്ത്രണം നഷ്ടമായ അവസ്ഥയാണ്.
2014 ൽ 400 രൂപയ്ക്ക് ലഭിച്ചിരുന്ന ഗാർഹിക വാതക സിലിണ്ടറിന് ഇപ്പോൾ ആയിരം രൂപയിൽ അധികം നൽകണം. കോഴിക്കോട് 1008 രൂപ 50 പൈസയാണ്. 827 രൂപവരെ പാചക സിലിണ്ടറുകൾക്ക് നൽകിയിരുന്ന സബ്സിഡി സഹായം പൂർണ്ണമായും നിർത്തി.
കഴിഞ്ഞ വർഷംമാത്രം രാജ്യത്തെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില 70 ശതമാനം വർധിച്ചു. പച്ചക്കറികൾക്ക് 20 ശതമാനവും പാചക എണ്ണയ്‌ക്ക് 23 ശതമാനവും ധാന്യങ്ങൾക്ക് എട്ട് ശതമാനവും വില വർധിച്ചു. ആട്ടയ്‌ക്ക് 9.15 ശതമാനം വർധിച്ചു.