2,773 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്ന കോഴിക്കോട് ലൈറ്റ് മെട്രോ പൂർണമായും തൂണുകളിൽ ആയിരിക്കും. ആകാശപാതയാണ് ഒരുക്കുക.
മീഞ്ചന്ത മെഡിക്കൽ കോളിജ് റൂട്ടിലാണ് ആദ്യ റീച്ച്. 14 സ്റ്റേഷനുകളുണ്ടാവും. മാവൂർ റോഡിന് നടുവിലൂടെയാണ് പാത കടന്നുപോവുക എന്നതിനാൽ വൻതോതിൽ ഭൂമി ഏറ്റെടുക്കുകയോ ആളുകളെ കുടിയൊഴിപ്പിക്കുകയോ വേണ്ടിവരില്ല.
14 സ്റ്റോപ്പുകൾ
മെഡിക്കൽ കോളേജ്, ചേവായൂർ, തൊണ്ടയാട്, കോട്ടൂളി,പുതിയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണർ, മീഞ്ചന്ത എന്നിവിടങ്ങളിലാവും സ്റ്റോപ്പുകൾ.
കേന്ദ്രസർക്കാരിന്റെ മെട്രോനയത്തിൽ സ്വകാര്യ പങ്കാളിത്തം നിർബന്ധമാണ്. ഇതിനനുസരിച്ച് കോഴിക്കോട് ലൈറ്റ്മെട്രോ പദ്ധതിരേഖ പുതുക്കും. പാലങ്ങളടക്കം അനുബന്ധ നിർമ്മാണം നടത്താനും കൊച്ചി മെട്രോ കോർപ്പറേഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്. 2017ലെ പുതുക്കിയ ഡി.പി.ആർ. അനുസരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്ററാണ് കോഴിക്കോട് ലൈറ്റ് മെട്രോയുടെ ദൂരം.
25 കിലോമീറ്ററിലെ നിർമാണ പ്രവർത്തനങ്ങൾ രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കാൻ പറ്റുമെന്ന് പദ്ധതി ചുമതലയുള്ള കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് മോണോറെയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യത്തേത് മെഡിക്കൽ കോളേജിനും മാനാഞ്ചിറയ്ക്കും ഇടയിലും രണ്ടാമത്തേത് മാനാഞ്ചിറയ്ക്കും മീഞ്ചന്തയ്ക്കും ഇടയിലാണ്. പദ്ധതിക്ക് ഏകദേശം 10.65 ഹെക്ടർ (26.3 ഏക്കർ) ഭൂമി ആവശ്യമാണ്, അതിൽ 80 ശതമാനവും സർക്കാർ ഉടമസ്ഥതയിലുള്ളതായിരിക്കും.
പദ്ധതി കൊച്ചി മെട്രോയ്ക്ക്
കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ ലൈറ്റ്, ലൈറ്റ് മെട്രോ പദ്ധതികളുടെ നിര്‍മ്മാണ ചുമതല കെ.എം.ആര്‍.എലിനെ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) ഏൽപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോയും കോഴിക്കോട്ട് മെട്രോ ലൈറ്റ് പദ്ധതിയുമാണ് നിലവിൽ നടപ്പാക്കാൻ ധാരണയായിട്ടുള്ളത്. പദ്ധതി പ്രദേശത്ത് കൂടി കടന്നു പോകുന്ന മൂന്ന് മേൽപ്പാലങ്ങളുടെ നിര്‍മ്മാണവും കൊച്ചി മെട്രോയെ ഏൽപിക്കാൻ ധാരണയായിട്ടുണ്ട്. കേന്ദ്രനഗരവികസന മന്ത്രാലയത്തിൻ്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് പുതിയ ഡിപിആര്‍ തയ്യാറാക്കി സമര്‍പ്പിക്കാനും കൊച്ചി മെട്രോയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.