ജഹാംഗിർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പ്രദേശവാസികളെ കുടിയിറക്കിയ സ്ഥലം സന്ദർശിക്കാൻ എത്തിയ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. നേതാക്കളുടെ സുരക്ഷ പരിഗണിച്ചാണ് തടയൽ എന്ന വിശദീകരണവുമായാണ് തടഞ്ഞു വെച്ചത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘർഷത്തിൽ ഇരകളാക്കപ്പെട്ടവരെ കാണാനായെത്തിയത്. എക്സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, ബിനോയ് വിശ്വം എംപി, പല്ലബ് സെൻ ഗുപ്ത, ഇൻസാഫ് ജനറൽ സെക്രട്ടറി ഡോ. എ എ ഖാൻ എന്നിവരും ഉൾപ്പെട്ട സംഘം തുടർന്ന് റോഡിൽ കുത്തിയിരുന്നു.
ഇരകളെ കണ്ട് ഐക്യദാർഢ്യം അറിയിക്കാനാണ് എത്തിയതെന്നും തടയരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും വന്‍ പൊലീസ് സന്നാഹം നേതാക്കളെ ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. ദേശീയ നേതാക്കളായ ഇവരുടെ സുരക്ഷയെ കരുതിയാണ് അങ്ങോട്ട് പോവാൻ അനുവദിക്കാത്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ ഇരകളാക്കപ്പെട്ട സാധാരണ ജനങ്ങളുടെ ദുരിതമാണ് തങ്ങൾക്ക് വലുതെന്ന് നേതാക്കളും മറുപടി നല്കി. നിലപാടിലുറച്ച് സ്ഥലത്ത് കുത്തിയിരിപ്പ് തുടരുകയാണ്.
ദുരിതമനുഭവിക്കുന്ന ജനങ്ങളെ കാണണമെന്നും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ സ്ഥലങ്ങൾ കണ്ടേ മടങ്ങൂ എന്നും സിപിഐ നേതാവ് ഡി രാജ പറഞ്ഞു. കേന്ദ്രം വലിയ അതിക്രമമാണ് പ്രദേശത്ത് നടത്തിയത്. ആളുകളെ കാണാതെ മടങ്ങില്ല. കേന്ദ്രത്തിന്റെ അതിക്രമങ്ങൾ പുറത്ത് വരാതിരിക്കാനാണ് നേതാക്കളെ തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.