പ്രസവത്തിന് പിന്നാലെ മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ തക്ക സമയത്ത് പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചു. ആറന്മുള സ്വദേശിനിയുടെ കുഞ്ഞിനെയാണ് വീട്ടിലെ ബക്കറ്റില്‍നിന്ന് പോലീസ് തിരഞ്ഞ് കണ്ടെത്തിയത്.
പൊലീസ് അറിഞ്ഞത് ആശുപത്രിയിൽ നിന്ന്
ആറന്മുള സ്വദേശിനിയായ യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെയാണ് കുഞ്ഞിനെ കുറിച്ച് സംശയം ഉണരുന്നത്. രക്തസ്രാവം എങ്ങിനെ ഉണ്ടായി എന്ന അന്വേഷണത്തിൽ വീട്ടില്‍നിന്ന് പ്രസവിച്ചതാണ് എന്ന് യുവതി സമ്മതിക്കയായിരുന്നു.
എന്നാൽ ആശുപത്രി അധികൃതര്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് നല്‍കിയത്. ഒരു ഘട്ടത്തിൽ കുഞ്ഞ് മരിച്ചെന്നും മൊഴി നല്‍കി. ഇതോടെ സംശയം തോന്നി ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു.
തക്ക സമയത്ത് ചെങ്ങന്നൂര്‍ പോലീസ് യുവതിയുടെ വീട്ടിലെത്തി. വീട് മുഴുവൻ പരിശോധന നടത്തി. പക്ഷെ കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബക്കറ്റിലെ അനക്കം ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് ഉപേക്ഷിച്ചനിലയില്‍ നവജാതശിശുവിനെ കണ്ടെത്തിയത്.
തുണിയിൽ പൊതിഞ്ഞ ജീവൻ്റെ തുടിപ്പ്, ബക്കറ്റുമായി ഓടി പൊലീസ്
ബക്കറ്റിനുള്ളില്‍ തുണിയില്‍പൊതിഞ്ഞ നിലയില്‍ ആയിരുന്നു കുഞ്ഞ്. ഉടന്‍തന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് ഓടി. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഇപ്പോൾ കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. വീട്ടിലെ പ്രസവത്തിനിടെ കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമായി എന്നാണ് വിവരം.
മാനഹാനി ഭയന്ന് അമ്മ ചെയ്തത്
ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതിയാണ്. ഗര്‍ഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. മാനഹാനിയും സാമൂഹിക പ്രശ്നങ്ങളും ഭയന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഗുരുതരമായി രക്തം സ്രാവം ഉണ്ടായി. ജീവൻ രക്ഷിക്കാനായി ആശുപത്രിയിലെത്തുകയായിരുന്നു. കുഞ്ഞിനെ ഇതിനിടെ തുണിയിൽ പൊതിഞ്ഞ് ബക്കറ്റിൽ വെച്ച നിലയിലായിരുന്നു.
സംഭവത്തിൽ യുവതിക്കെതിരെ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവുമാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനക്കമില്ലെന്നു കണ്ടതിനെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് യുവതി മൊഴി നൽകിയത്. ഇവർ ഐസിയുവിൽ ചികിത്സയിലാണ്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകി