ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യത്തെ പുരുഷ താരം എന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഗ്രൂപ്പ് എച്ചില്‍ ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ 65-ാം മിനിറ്റിൽ പെനാല്‍റ്റിയില്‍ നിന്നാണ് ഗോൾ നേടിയത്.
2006, 2010, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന ലോകകപ്പുകളില്‍ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. ഗാനയ്ക്ക് എതിരെ നേടിയ ഗോൾ ചരിത്രത്തിലേക്കുള്ള വഴിയായി. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലര്‍ എന്നിവര്‍ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് പഴങ്കഥയായത്.
ലോകകപ്പില്‍ 18 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളായി താരത്തിൻ്റെ സമ്പാദ്യം. രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് റൊണാള്‍ഡോ.
കളികൾ എല്ലാം ചരിത്രം
2006ൽ ജർമനിയിൽ അരങ്ങേറിയ ലോകകപ്പിൽ ഇറാനെതിരെ പെനാൽറ്റിയിലൂടെയായിരുന്നു ആദ്യ ഗോൾ. ഇതോടെ ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗീസ് താരമായി ക്രിസ്റ്റ്യാനോ മാറി. 21 വയസ്സും 132 ദിവസവുമായിരുന്നു അന്നത്തെ പ്രായം. ലൂയിസ് ഫിഗോയുടെ നായകത്വത്തിൽ 17ാം നമ്പർ ജഴ്സിയണിഞ്ഞായിരുന്നു അന്ന് കളത്തിലിറങ്ങിയത്.
2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ക്യാപ്റ്റൻ ക്യാപണിഞ്ഞ് ഏഴാം നമ്പറിൽ ഇറങ്ങിയ റോണോ വടക്കൻ കൊറിയക്കെതിരെ മടക്കമില്ലാത്ത ഏഴ് ഗോളിന് ജയിച്ച കളിയിലാണ് വലകുലുക്കിയത്. 2014ൽ ബ്രസീലിൽ അരങ്ങേറിയ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഘാനക്കെതിരെയായിരുന്നു ഗോൾ.
2018ലെ റഷ്യൻ ലോകകപ്പിൽ സ്‍പെയിനിനെതിരെ ഹാട്രിക് നേടിയാണ് ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതോടെ താരത്തിന് സ്വന്തമായി. പിന്നീട് മൊറോക്കൊക്കെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ വല കുലുക്കി.