എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിയതിനെതിരായ ഹര്‍ജിക്കാര്‍, കോണ്‍ഗ്രസുകാരാണോ ബിജെപിക്കാരാണോ എന്നത് തങ്ങളുടെ വിഷയമല്ലെന്ന് സുപ്രീം കോടതി. ഹര്‍ജി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സുപ്രീം കോടതിയെയും മറികടക്കാൻ
2018 ലാണ് സഞ്ജയ് കുമാര്‍ മിശ്രയെ ഇ.ഡി. ഡയറക്ടായി ആദ്യം നിയമിക്കുന്നത്. ആ കാലാവധി 2020 നവംബറില്‍ അവസാനിച്ചിരുന്നു. 2020 മേയ് മാസം മിശ്രയ്ക്ക് 60 വയസ് പൂര്‍ത്തിയായിരുന്നു. 2020 നവംബര്‍ 13-ന് ഇ.ഡി. ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷത്തില്‍നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തി വിജ്ഞാപനം ഇറക്കി. വിജ്ഞാപനം സുപ്രീം കോടതി ശരിവെച്ചെങ്കിലും മിശ്രയ്ക്ക് ഇനി കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷം ഇ.ഡി. ഡയറക്‌റാരുടെ കാലാവധി 5 വര്‍ഷംവരെ നീട്ടാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കി. ഇതിനെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
നീട്ടിവെക്കാനും കാരണം തേടി
സോളിസിറ്റര്‍ ജനറലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹര്‍ജി കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതിലും സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.
ഹര്‍ജി പരിഗണനക്കെടുത്തപ്പോള്‍ സോളിസിറ്റര്‍ ജനറലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ഹര്‍ജി കേള്‍ക്കുന്നത് നിരന്തരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി നൽകി.
പരാതി നൽകിയത്
സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ ഡോ. ജയാ താക്കൂര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോണ്‍ഗ്രസിന്റെ പല മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും ഇ.ഡിയുടെ അന്വേഷണം നടക്കുന്നതിനാലാണ് പാര്‍ട്ടി നേതാക്കള്‍ ഹര്‍ജി ഫയല്‍ ചെയ്തത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം. ഇക്കാര്യം ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീം കോടതി ഹര്‍ജിക്കാരുടെ രാഷ്ട്രീയം തങ്ങള്‍ക്ക് വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയത്.