ഉത്തര്‍പ്രദേശിലെ ജൗലാന്‍ ജില്ലയില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി. പോലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ്‌കൊലപാതകം. അക്രമികള്‍ തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികാണ്. രാം ലഖന്‍ പട്ടേല്‍ മഹാവിദ്യാലയത്തിലെ ബി.എ. വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട രോഷിണി അഹിര്‍വാര്‍ (21). 11 മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരില്‍ ഒരാളാണ് നാടന്‍ തോക്കുപയോഗിച്ച് യുവതിക്ക് നേരെ വെടിയുതിര്‍ത്തത്. തലയ്ക്ക് വെടിയേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
നാട്ടുകാര്‍ ഓടിയെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തോക്കുപേക്ഷിച്ച് ഇരുവരും കടന്നുകളയുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ രാജ് അഹിര്‍വാര്‍ എന്ന യുവാവിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. തെളിവുകള്‍ ലഭിച്ചതായും അന്വേഷണം തുടരുന്നതായും ജൗലാന്‍ പോലീസ് സൂപ്രണ്ട് ഡോ. ഇരാജ് രാജ അറിയിച്ചു.
മുന്‍ എം.പിയും ഗുണ്ടാനേതാവുമായിരുന്ന അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് യോഗി സര്‍ക്കാരിനെതിരെ ഉയരുന്നത്. കോളേജ് യൂണിഫോമില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഗോദി മാധ്യമങ്ങളിലേയും ബി.ജെ.പിയിലേയും കഴുകന്മാര്‍ ഇതും ആഘോഷിക്കുമോയെന്ന് ആര്‍.ജെ.ഡി. ചോദിച്ചു.