ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 148 റണ്‍സ് വിജയലക്ഷ്യം. തുടക്കം തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ മടങ്ങി. നസീം ഷായ്ക്കാണ് വിക്കറ്റ്. പിന്നാലെയെത്തിയ വിരാട് കോലിയുടെ ക്യാച്ച് ഫഖര്‍ സമാന്‍ കൈവിട്ടു.
നേരത്തെ പവര്‍പ്ലേ ഓവറുകളില്‍ പരമാവധി പിടിച്ചുനിന്ന് അവസാനം സ്‌കോര്‍ ഉയര്‍ത്താമെന്ന പാക് തന്ത്രത്തിന് ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയുമടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടതോടെ 150-ന് അപ്പുറമുള്ള സ്‌കോര്‍ പാകിസ്താന് അപ്രാപ്യമാകുകയായിരുന്നു.
നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറും നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയ്ക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി.
42 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍. പാകിസ്താനായി നസീം ഷാ ട്വന്റി 20 അരങ്ങേറ്റം കുറിച്ചു.
ഇന്നത്തെ മത്സരം മുന്‍ നായകന്‍ വിരാട് കോലിയുടെ 100ാമത്തെ രാജ്യാന്തര ടി20 മത്സരമാണ്. കോലി ഫോമിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ആരാധകര്‍ ഇന്ന് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു കാര്യം.
ഇത് കഴിഞ്ഞാല്‍ പാക് നായകന്‍ ബാബര്‍ അസമിനെ പിന്തള്ളി സൂര്യകുമാര്‍ യാദവ് ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുമോ എന്നതും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. നിലവില്‍ 818 പോയിന്‍റുമായാണ് ബാബര്‍ അസം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 816 പോയിന്‍റുമായി സൂര്യകുമാര്‍ യാദവ് തൊട്ടുപിന്നിലും.