അധ്യാപക നിയമനം, ഗവേഷണബിരുദ പ്രവേശനം തുടങ്ങിയ നടപടികളിൽ സംവരണനയം കൃത്യമായി പിന്തുടരാൻ കേന്ദ്രസർക്കാരിനും ഐഐടികൾക്കും സുപ്രീംകോടതി നിർദേശം. കേന്ദ്രവും 23 ഐഐടിയും 2019ലെ കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങൾ (അധ്യാപക നിയമന സംവരണം) നിയമം പാലിക്കണമെന്ന് ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു.
എസ്‌സി, എസ്‌ടി, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയ വിഭാഗങ്ങളിൽനിന്ന് നേരിട്ടുള്ള നിയമനത്തിന് സംവരണം ഏർപ്പെടുത്തുന്നതാണ് 2019ലെ നിയമം. ഐഐടികൾ സംവരണം അട്ടിമറിക്കുന്നതായി കാണിച്ചുള്ള ഡോ. സച്ചിദാനന്ദ് പാണ്ഡെയുടെ ഹർജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്രസർക്കാരിൽനിന്നും ഐഐടികളിൽനിന്നും വിശദീകരണം തേടിയിരുന്നു. എന്നാൽ 2019 നിയമപ്രകാരമുള്ള സംവരണം പാലിക്കുന്നതാണെന്ന് സർക്കാർ അവകാശപ്പെട്ടു.
ഈ ഉറപ്പ് പരിഗണിച്ച് കേസ് തീർപ്പാക്കുന്നതായും നിയമപ്രകാരമുള്ള സംവരണം പാലിക്കാൻ സർക്കാരിനും ഐഐടികൾക്കും ഉത്തരവാദിത്വമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.