Monday, August 18, 2025

ഒഡിഷയിലേത് റെയിൽവേ ദുരന്തങ്ങളിൽ ഏറ്റവും വലിയ കൂട്ടിയിടി, 238 മരണം, അവയവങ്ങൾ നഷ്ടമായും ഉപജീവന വഴിയടഞ്ഞും നിരവധി പേർ

 ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റി മറിഞ്ഞ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 238 പേരുടെ മരണം സ്ഥിരീകരിച്ചു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മനുഷ്യ ശരീരവും അവയവങ്ങളും ചിതറിക്കിടക്കുന്ന സാഹചര്യമാണ് അപകട സ്ഥലത്ത് ഉണ്ടായത്.

പാളം തെറ്റിയ വണ്ടിക്ക് മുകളിൽ രണ്ടു വണ്ടികൾ ഇടിച്ചു കയറി

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ​ഗുരുതരമാകുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചു.

ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. അപകടത്തെത്തുടർന്ന് 43 ട്രെയിനുകൾ റദ്ദ് ചെയ്തതായി റെയിൽവേ അറിയച്ചു. നിരവധി ട്രെയിനുകൾ ഭാ​ഗികമായി റദ്ദ് ചെയ്തതായും ചില വണ്ടികൾ വഴിതിരിച്ച് വിട്ടതായും അധികൃതർ കൂട്ടിച്ചേർത്തു. നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. ആയിരക്കണക്കിന് യാത്രക്കാരാണ് ഈ നിരവധി സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്. ചില ഇടങ്ങളിലേക്ക് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്താനും റെയിൽവേ ശ്രമം നടത്തുന്നുണ്ട്.

അപകടത്തിൽപ്പെട്ട യാത്രക്കാരുടെ കുടംബാം​ഗങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ​ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. നിസാര പരിക്കേറ്റ യാത്രക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും എല്ലാവിധ സഹായങ്ങളും വാഗ്‍ദാനം ചെയ്തു.

ഒഡീഷയിൽ അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് 867 പേരാണ്. ജനറൽ കമ്പാർട്ട്മെന്റുകളിൽ എത്ര പേരുണ്ടായിരുന്നുവെന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല. മുഖ്യമന്ത്രി സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘം എന്നിവർ ഒഡിഷയിലേക്ക് തിരിച്ചു. തമിഴ്നാട്ടിൽ ഇന്ന് ദുഃഖാചരണമാണ്. എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മരിച്ച തമിഴ്നാട്ടിൽ നിന്നുള്ളവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ  5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു.  

റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ), 8972073925 (ഖരഗ്പുർ), 8249591559 (ബാലസോർ), 044-25330952 (ചെന്നൈ).

കോറമാണ്ടൽ എക്സ്പ്രസ്

1977-ലാണ് കോറമണ്ഡൽ എക്സ്പ്രസ് ഇന്ത്യൻ റെയിൽവേസ് അവതരിപ്പിക്കുന്നത്. ചെന്നൈ മെയിലിനെക്കാൾ നേരത്തേ എത്തുമെന്നതാണ് കോറമണ്ഡലിനെ യാത്രക്കാര്‍ക്ക്‌ പ്രിയപ്പെട്ടതാക്കുന്നത്. ദെെനംദിന സർവീസ് നടത്തുന്ന 12841/12842 എക്സ്പ്രസുകളിൽ(അങ്ങോട്ടും ഇങ്ങോട്ടും) ടിക്കറ്റ് ലഭിക്കാൻ ഏറെ പ്രയാസമാണ്. പശ്ചിമബംഗാളിലെ ഹൗറയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈയിലെ എം.ജി.ആർ. സെൻട്രൽ സ്റ്റേഷൻവരെയാണ് റൂട്ട്. വൈകീട്ട് 3.20-ന് ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വെെകീട്ട് 4.50 ന് ചെന്നെെയിലെത്തുന്ന രീതിയിലാണ് 12841 ഷാലിമാർ-ചെന്നെെ ട്രെയിനിന്റെ ഷെഡ്യൂൾ. അതേസമയം ചെന്നൈയില്‍ നിന്ന് രാവിലെ ഏഴ്‌ മണിക്ക് തിരിച്ച് അടുത്ത ദിവസം രാവിലെ 10.40-ന് ഷാലിമാറില്‍ എത്തുന്ന രീതിയിലാണ് ചെന്നൈ-ഷാലിമാര്‍ 12842 ട്രെയിനിന്റെ ഷെഡ്യൂള്‍. മണിക്കൂറിൽ 130 കിലോമീറ്ററാണ് പരമാവധി വേ​ഗം.

തൊഴിലാളി പ്രവാഹം വഹിക്കുന്ന വണ്ടി

ബം​ഗാളിൽ നിന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും തൊഴിലാളികൾ കൂട്ടമായി എത്തുന്ന വണ്ടികളിൽ ഒന്നാണിത്. നിയമപരമായി ഉൾക്കൊള്ളാവുന്നതിലും അധികം യാത്രക്കാരുമായാണ് സ്ഥിരം സർവ്വീസ് നടത്തുന്നത്. കോറമാണ്ടൽ പ്രദേശത്തു കൂടെ ഇന്ത്യയുടെ കിഴക്കൻ തീര മേഖലകളെ ബന്ധിപ്പിക്കുന്ന സർവ്വീസാണ്.

അപകടങ്ങൾ

2002 മാർച്ച് 15-നാണ് ഹൗറ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ആദ്യമായി അപകടത്തില്‍പ്പെടുന്നത്‌. അന്ന് നെല്ലൂരിൽ വച്ച് തീവണ്ടിയുടെ ഏഴോളം ബോ​ഗികൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. റെയിൽപാളത്തിൻ്റെ ശോചനീയാവസ്ഥ അന്ന് കാരണമായി ചൂണ്ടി കാണിക്കപ്പെട്ടിരുന്നതാണ്.

2009-ലും കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടു. 2009 ഫെബ്രുവരി 13-നുണ്ടായ അപകടത്തിൽ 15 പേർക്ക് ജീവഹാനിയുണ്ടായി. ട്രെയിൻ ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ കടന്ന് അതിവേഗത്തിൽ ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം.

ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടം രാജ്യത്തെ തന്നെ ഇന്നോളം ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണ്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 288 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്‌. മരണ സംഖ്യ ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

കൂട്ടിയിടി ചരിത്രത്തിൽ

 42 വർഷം മുൻപും ഇന്ത്യയിൽ ട്രെയിൻ ദുരന്തമുണ്ടായത്. 1981 ഫെബ്രുവരി 12ന് മദ്രാസിലേക്കുള്ള (ഇന്നത്തെ ചെന്നൈ) ട്രിവാൻഡ്രം മെയിലും ഈറോഡിലേക്ക് പോകുകയായിരുന്നു ഏർക്കാട് എക്സ്പ്രസ്സും ഗുഡ്‌സ് ട്രെയിനിൽ നിന്ന് വേർപെട്ട വാഗണുകളുമായി വാണിയംപാടിയിൽ കൂട്ടിയിടിക്കുകയായിരുന്നു. മദ്രാസിൽ നിന്ന് 200 കിലോമീറ്റർ അകലെ അന്നത്തെ അപകടത്തിൽ 14 പേർ മരണപ്പെടുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തതു അന്ന് ദക്ഷിണ റെയിൽവേ ഔദ്യോഗികമായി അറിയിച്ചിരുന്നു.

അന്ന്, നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ ബന്ധിപ്പിക്കുന്ന കപ്ലിംഗ്‌സ് തകർന്ന് ഒഴിഞ്ഞ ഓയിൽ വാഗണുകൾ ഇളകി മറ്റൊരു പാളത്തിലേക്ക് വീണു. ആ പാളത്തിലൂടെ പോകുകയായിരുന്ന ട്രിവാൻഡ്രം മെയിൽ പിൻ വാഗണുകളിൽ ഇടിച്ചു. ഇടിയെ തുടർന്ന്, ട്രിവാൻഡ്രം മെയിലിന്റെ ബോഗികൾ പാളം തെറ്റി രണ്ടാം ലൈനിൽ വീണു. ആ പാളത്തിലൂടെ മദ്രാസിൽ നിന്നും വരികയായിരുന്ന ഏർക്കാട് എക്സ്പ്രസ് ഇടിച്ചു. ഏർക്കാട് എക്സ്പ്രസിന്റെ പതിനേഴ് ബോഗികളിൽ അഞ്ചെണ്ണം അപകടത്തിൽ തകർന്നു.

ഏറ്റവും വലിയ ദുരന്തം നദിയിലേക്ക് മറിഞ്ഞ്

അതെ വർഷമാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം സംഭവിക്കുന്നത്. 1981 ജൂൺ ആറിന് ബീഹാറിൽ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞതിനെ തുടർന്ന് രേഖപ്പെടുത്തിയത് 750-ൽ അധികം മരണമാണ്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....