Monday, August 18, 2025

കടൽ കൊള്ളക്കാരെ തളച്ചു, കളക്ടറെയും നിയമത്തിൻ്റെ വരയിൽ നിർത്തി; പക്ഷെ സ്വപ്ന കേസിൽ ഇടറി

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കപ്പലിലെത്തി പിടികൂടിയത് എം ആർ അജിത്ത് കുമാർ എന്ന പൊലീസ് ഓഫീസറുടെ മിടുക്കായിരുന്നു. കൊല്ലത്ത് എസ്.പി.യായിരിക്കെ കളക്ടര്‍ക്കെതിരേ ഗതാഗത നിയമ ലംഘനത്തിന് നടപടിയെടുപ്പിച്ച റിപ്പോര്‍ട്ടും ഇദ്ദേഹത്തിൻ്റെ ആയിരുന്നു. ആരെയും കൂസാത്ത പോലീസ് ഉദ്യോഗസ്ഥനെന്ന പേര് നക്ഷത്രമായി. ഇപ്പോൾ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് തുടർച്ചയായി എം.ആര്‍. അജിത് കുമാറിന് കസേര തെറിച്ചു.

വിജിലൻസ് ഡയറക്ടർ പദവി പോയ വഴി

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഷാജ് കിരണുമായി ബന്ധമുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് എം.ആര്‍.അജിത് കുമാറിനെ സര്‍ക്കാര്‍ അതിവേഗം മാറ്റിയത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ച് ഇന്റലിജന്‍സും അജിത്കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി.

മാധ്യമ സൌഹൃദം വിനയുമായി

തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനെത്തിയ ഷാജ് കിരണെ വിജിലന്‍സ് ഡയറക്ടര്‍ ഒട്ടേറെത്തവണ വാട്‌സാപ്പില്‍ വിളിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിനൊപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റഡിയിലെടുത്ത നീക്കങ്ങളും അദ്ദേഹത്തിന്റെ സ്ഥാനചലനത്തിന് കാരണമായി. ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്നു അജിത്കുമാര്‍. സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് അജിത്കുമാര്‍ പറഞ്ഞാണെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

കടൽ കൊള്ളക്കാരുടെ ഇറ്റാലിയൻ ഹുങ്ക് അടക്കി

കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കെയാണ് എം.ആര്‍. അജിത്കുമാര്‍ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുക്കുന്നത്. അന്തര്‍ദേശീയതലത്തില്‍ വലിയ വാര്‍ത്തയായ സംഭവത്തില്‍ കേരള പോലീസിന്റെ കരുതലോടെയുള്ള നീക്കങ്ങള്‍ അന്ന് ഏറെ ചര്‍ച്ചയായിരുന്നു. കൊച്ചി പോലീസിന്റെ ഉറച്ച നിലപാടും കൃത്യമായ ഇടപെടലും ഏറെ പ്രശംസ നേടി. വെടിവെയ്പുണ്ടായ ഉടന്‍ കപ്പല്‍ സ്ഥലംവിടുന്നതിന് മുമ്പ് തിടുക്കത്തില്‍ നീങ്ങി അത് തടഞ്ഞ നടപടി വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. നാവികരുടെ അറസ്റ്റ് വൈകുന്നുവെന്ന ആക്ഷേപം ശക്തമായ വേളയിലായിരുന്നു കൊച്ചി പോലീസ് കപ്പലിലെത്തി രണ്ട് നാവികരെയും കസ്റ്റഡിയിലെടുത്തത്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്ന എം.ആര്‍. അജിത്കുമാറാണ് നാവികരുടെ അറസ്റ്റ് നടപടികള്‍ ഏകോപിപ്പിച്ചത്. കൊല്ലം പോലീസിനൊപ്പം ചേര്‍ന്ന് അദ്ദേഹം ഓരോ നടപടികളും മുന്നോട്ടുനീക്കി. രാജ്യാന്തരതലത്തില്‍തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന വിഷയമായിട്ടും നാവികരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നു. കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒറ്റക്കെട്ടായി ഇത് അംഗീകരിച്ചു. ഇതോടെയാണ് 2012 ഫെബ്രുവരി 19-ാം തീയതി കപ്പലിലെത്തി എം.ആര്‍. അജിത്കുമറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ട് നാവികരെയും കസ്റ്റഡിയിലെടുത്തത്. എറണാകുളം റേഞ്ച് ഐ.ജി. പദ്മകുമാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഫെബ്രുവരി 19-ന് രാവിലെ എട്ട് മണിയോടെ കപ്പലിലെത്തിയ പോലീസ് സംഘം വൈകിട്ട് നാലുമണിയോടെയാണ് രണ്ട് നാവികരുമായി കരയിലെത്തിയത്. ഇതിനിടെ കപ്പലിലുണ്ടായിരുന്നവരുടെ വിശദമായ മൊഴിയും പോലീസ് സംഘം രേഖപ്പെടുത്തിയിരുന്നു.

പിടികിട്ടാപ്പുള്ളികൾ വിറച്ചു

അജിത്കുമാര്‍ കൊല്ലം എസ്.പി.യായിരിക്കെയാണ് ജില്ലയില്‍ ഏറ്റവും അധികം പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തത്. മൂന്നുതവണയാണ് കൊല്ലം ജില്ലാ പോലീസിന്റെ തലപ്പത്ത് അദ്ദേഹം ജോലിചെയ്തത്. ഇക്കാലയളവില്‍ രാഷ്ട്രീയക്കാര്‍ക്കെതിരേയും മറ്റും മുഖംനോക്കാതെ നടപടിയെടുത്തതിന് ആരെയും കൂസാത്ത ഉദ്യോഗസ്ഥനെന്ന പേരും നേടി. അജിത് കുമാര്‍ കൊല്ലത്ത് എസ്.പി.യായിരിക്കെയാണ് ഒരു ജില്ലാ കളക്ടര്‍ പോലീസിനെതിരേ പരാതി ഉന്നയിച്ചത്. കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷനില്‍ സിഗ്നല്‍ നല്‍കാതെ റോഡില്‍ കുടുക്കി ആക്ഷേപിച്ചെന്നായിരുന്നു കളക്ടറുടെ പരാതി. ഡി.ജി.പി.യ്ക്കും മുഖ്യമന്ത്രിക്കും അടക്കം ഈ പരാതി പോയി. ഇതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എസ്.പി.യായ അജിത്കുമാറിനോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ സംഭവത്തില്‍ കളക്ടര്‍ തന്നെയാണ് കുറ്റക്കാരനെന്നായിരുന്നു എസ്.പി.യുടെ റിപ്പോര്‍ട്ട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ അടുത്തിടെയാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഷാജ് കിരണുമായുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തിന് സ്ഥാനചലനമുണ്ടായിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍, തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി, തെക്കന്‍മേഖല ഐ.ജി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ തുടങ്ങിയ പദവികളിലും അജിത്കുമാര്‍ ജോലിചെയ്തിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....