കണ്ണൂരിൽ കാറ് കത്തി ദമ്പതിമാർ മരിച്ച സംഭവത്തിൽ കാറിനുള്ളിൽ പെട്രോൾ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറൻസിക് റിപ്പോർട്ട്. ഒരുമാസത്തോളം നീണ്ട പരിശോധകൾക്ക് ശേഷം തയാറാക്കിയ ഫൊറൻസിക് റിപ്പോർട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
ഫെബ്രുവരി രണ്ടിനായിരുന്നു അപകടം. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ നിന്ന് ഇറങ്ങിപ്പോകാൻ പറ്റാത്തവിധത്തിൽ തീപിടിത്തമുണ്ടാകാനുള്ള കാരണമെന്തായിരുന്നു എന്ന സംശയം പരക്കെ ഉന്നയിക്കപ്പെട്ടിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായ തീയുടെ തീവ്രത ഇത്രയും വർധിക്കാനുള്ള കാരണം എന്തായിരുന്നു എന്നും ചോദ്യം ഉയർന്നു. കാറിനുള്ളിൽ വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്, പെട്രോൾ സൂക്ഷിച്ചിരുന്നില്ല എന്നായിരുന്നു റീഷയുടെ അച്ഛൻ പറഞ്ഞിരുന്നത്. അച്ഛനും അമ്മയും പിന്നിലാണ് ഇരുന്നിരുന്നത്. ഇവർ രക്ഷപെട്ടു.
അപകടത്തിന് രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിൽ കാറിൽ പെട്രോളിന്റെ സാന്നിധ്യം ഫൊറൻസിക് സംഘം കണ്ടെത്തിയിരുന്നു.
കുപ്പിക്കുള്ളിൽ ഉണ്ടായിരുന്നത് വെള്ളമായിരുന്നില്ല പെട്രോളായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, യാതൊരു തരത്തിലും പെട്രോൾ കാറിൽ സൂക്ഷിച്ചിരുന്നില്ല. അപകടത്തിന് തലേ ദിവസം മാഹിയിൽ നിന്ന് പെട്രോൾ അടിച്ചിരുന്നു. അതുകൊണ്ട് തന്നെ പെട്രോൾ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
പൂർണ ഗർഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപിടിച്ചത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉൾപ്പെടേ നാല് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടു.
പ്രസവ തീയതി അടുത്തതിനാൽ അഡ്മിറ്റാവാനായി വസ്ത്രങ്ങളുൾപ്പെടെ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയായിരുന്നു റീഷയും കുടുംബവും ആശുപത്രിയിലേക്ക് പുറപ്പെട്ടത്. പിറകിലുള്ള വാഹനത്തിലുണ്ടായിരുന്നവർ കാറിൽ നിന്നും തീ പടരുന്നത് കണ്ട് കണ്ട് പാഞ്ഞെത്തി. എന്നാൽ കാറിന്റെ ഡോർ ലോക്കായി കൈകൾ പുറത്തിട്ട് രക്ഷിക്കുവാനായി നിലവിളിക്കുകയായിരുന്നു കുടുംബം. മരിച്ച പ്രജിത്ത് തന്നെയാണ് കാറിന്റെ ബാക്ക് ഡോർ ശ്രമപ്പെട്ട് തുറന്ന് നൽകിയത്. ഇരുന്നൂറ് മീറ്റർ മാത്രം അകലെയുള്ള ഫയർ സ്റ്റേഷനിൽ നിന്നും വാഹനമെത്തി തീയണച്ചപ്പോഴേക്കും റീഷയും പ്രജീത്തും വെന്തുതീർന്നിരുന്നു. പിൻസീറ്റിലുണ്ടായിരുന്ന റീഷയുടെ ഏഴ് വയസുകാരി ശ്രീ പാർവ്വതി, അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, മകൾ ഇളയമ്മ സജ്ന എന്നിവരെ രക്ഷിക്കാനായി.