പൊലീസ് സേന രംഗത്ത് എത്തിയതോടെ കരിപ്പൂരിൽ വീണ്ടും ഒരു കോടി രൂപയുടെ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി എത്തിയ അഞ്ച് പേരെയും ഇവരെ കൂട്ടാനെത്തിയ ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ക്യാപ്സ്യൂളുകളായി ശരീരത്തിനുള്ളിലൂടെയും സ്വർണമിശ്രിതമാക്കിയുമാണ് കടത്ത്. ഇതിന് പുറമേ കാലിൽ വെച്ചുകെട്ടിയ നിലയിലും ലഗേജിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കടത്ത് സജീവമായി നിലനിർക്കുന്നത് എന്ന ആരോപണത്തിന് ബലം പകരുന്നതാണ് പൊലീസിൻ്റെ സ്വർണ്ണ വേട്ട. നാല് കാറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ വയനാട് സ്വദേശി അബ്ദുല്‍ റസാഖാണ് തരികളാക്കിയ 1600 ഗ്രാം സ്വര്‍ണം കാലില്‍ വച്ചു കെട്ടി കടത്തിയത്. കാലിൽ പുരട്ടി ഇൻസലേഷൻ ടാപ്പ് ഒട്ടിച്ച നിലയിലായിരുന്നു.
ഇയാളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സുബൈറും ഫഹദും പിന്നാലെ കാര്‍ സഹിതം പൊലീസിൻ്റെ വലയിലായി.
തൊട്ടുപിന്നാലെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരന് കോഴിക്കോടുകാരൻ മജീദ് പിടിയിലായി. കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പൊന്നാനി സ്വദേശികളായ ഹംസ ഫര്‍ദാൻ എന്നിവരെ കാറടക്കം ഇതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആഭരണ രൂപത്തിലാക്കി ലഗേജില്‍ ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അര്‍ഷാദും കൂട്ടിക്കൊണ്ടുപോകാനെത്തിയ അംനാനും പിന്നാലെ വലയിലായി.
വളകളാക്കി സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ സംഘവും കൂട്ടാളികളും പിന്നാലെ പിടിയിലായി. മലപ്പുറത്തുകാരയ ഹബീബ് റഹ്മാനും നൈഷാദ് ബാബുവുമാണ് ആഭരക്കടത്തു തന്നെ നടത്തിയത്. ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ കോഴിക്കോട്ട് പയ്യോളി സ്വദേശി മുഹമ്മദ് ഹനീഫ്, നവാസ് എന്നിവരും വാഹന സഹിതം പിടിയിലായി.
രണ്ട് കിലോയോളം വരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഏപ്രിൽ 16 ന് പൊലീസ് സമാനമായ പരിശോധന നടത്തിയിരുന്നു. അന്ന് 2.67 കി.ഗ്രാം സ്വർണ്ണം കടത്തിയ മൂന്നു പേരും കടത്തുകാരായ ഏഴ് പേരും പിടിയിലായി. മൂന്നു കാറുകളും കസ്റ്റഡിയിൽ എടുത്തു. ഇതും കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സംഘമായിരുന്നു.
ഏപ്രിൽ 13 ന് രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്തിയത്.
സ്വര്‍ണം കടത്താനായി കൊണ്ടുവന്ന രണ്ട് കാറുകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്റ്റേജുകളും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് ശേഷമാണ് സ്വര്‍ണം പിടികൂടിയത്. വിഷ്ണുദാസിനും,ഷിജിത്തിനും പുറമെ ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലിം എന്നിവരും പോലിസ് പിടിയിലായി.