ട്രാക്റ്ററിനും നെല്ല് കൊയ്ത്ത് വിത യന്ത്രങ്ങൾക്കും എതിരെ സമരം നയിച്ച കേരളം പുത്തൻ കൃഷി സങ്കേതകങ്ങൾ കാണാനും പഠിക്കാനും ഇസ്രയേലിലേക്ക് പോകുന്നു. 20 കർഷകരുമായി മന്ത്രിയും ഉദ്യോഗസ്ഥ സംഘവുമാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്. പതിവ് പോലെ ഇതിന് എതിരെ വിമർശനങ്ങൾ മാധ്യമങ്ങൾ ഏറ്റു പിടിച്ചു. മണ്ണിൽ പണിയെടുക്കുന്നത് അറിയാവുന്ന മന്ത്രിയുടെ മുൻകൈയിൽ നടക്കുന്ന യാത്രയിൽ എന്തെങ്കിലും പ്രതീക്ഷ എങ്കിലും കൊണ്ടു വരും എന്ന കാത്തിരിപ്പിലാണ് കർഷകർ.
ട്രാക്റ്ററിനും കൊയ്ത്ത് യന്ത്രത്തിനും അപ്പുറം സാങ്കേതിക വിദ്യകൾ ഒന്നും സംഭവാന ചെയ്യാൻ പറ്റാത്ത മാടമ്പി മുറയിലാണ് കേരളത്തിലെ നിരവധിയായ കൃഷി ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ അവസ്ഥ. മണ്ണിനെയും മണ്ണിൽ പണിയെടുക്കുന്നവനെയും അറിയാത്ത ഗവേഷണ നിരീക്ഷണങ്ങൾ. തെങ്ങ് കയറുന്ന യന്ത്രം പോലും തമിഴ് നാടിൻ്റെ അത്ര മികവിൽ പരിഷ്കരിക്കാൻ കഴിഞ്ഞില്ല എന്ന വസ്തുത കർഷകർ ചൂണ്ടികാട്ടുന്നു.
ചെലവ് ചുരുക്കാനുള്ള പുത്തൻ യന്ത്ര സാങ്കേതികതകൾ വേണം, ഒറ്റയാൾ കർഷകർക്കും ലാഭകരമാവണം
കേരളത്തില്‍ കാര്‍ഷിക ഉത്പാദന മേഖലയില്‍ സ്വയം പര്യാപ്തത ഇല്ല എന്നുള്ളത് യാഥാര്‍ഥ്യമാണ്. അരിയും പച്ചക്കറിയും എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെ കേരളത്തിന് പുറത്തുനിന്ന് വരണം. അത്തരമൊരു ദുരവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് കൃഷിവകുപ്പിന്റേത്. മന്ത്രി പി.പ്രസാദ് ഇതിന് നേതൃത്വം നൽകുമ്പോൾ ഉണരുന്ന പ്രതീക്ഷ അത്തരത്തിലാണ്.
കേരളത്തിലെ പ്രത്യേക കാലാവസ്ഥയിൽ കൃഷി ചിലവുകൾ വ്യത്യസ്തമാണ്. കാടു ചെത്തൽ നിലം കിളയ്ക്കൽ, ചളി കോരി ഇടൽ, വിളവെടുക്കൽ, സംസ്കരിക്കൽ, ഇടത്തട്ട് ചൂഷണങ്ങളില്ലാത്ത വിപണനം ഇവയ്ക്കെല്ലാം ഇണങ്ങുന്ന പുതിയ യന്ത്ര-സാങ്കേതിക സംവിധാനങ്ങൾ വേണം. ഇപ്പോഴത്തെ ചിലവുകൾ 25 ശതമാനം എങ്കിലുമായി കുറയണം.
ഒറ്റയാൾ കൃഷിയാണ് കേരളത്തിൽ ഏറ്റവും പുതിയ പ്രവണത. വലിയ തൊഴിലും ശമ്പളവും ഒഴിവാക്കി വരെ ആളുകൾ കൃഷിയിലേക്ക് വ്യക്തിഗതമായി എത്തുന്നു. അവരുടെ അധ്വനം തന്നെയാണ് അവരുടെ കൃഷിയിടത്തിൽ പ്രധാനം. ഇത്തരം ആളുകൾക്ക് നിലം കിളയ്ക്കാൻ പോലും ഉതകുന്ന ഒരു യന്ത്ര സംവിധാനമില്ല. ചെറു ഉപകരണങ്ങൾ ഈ രംഗത്ത് കൂടുതൽ ഉണ്ടായി വരേണ്ടതുണ്ട്. എന്നാൽ ബന്ധപ്പെട്ട വകുപ്പുകൾ ഇവയൊന്നും തലയിൽ കയറ്റിവെക്കാൻ തത്പരരല്ല. അവരുടെ കാഴ്ചയും കാഴ്ചപ്പാടും പരിഷ്കരിക്കാൻ കൂടി മന്ത്രിക്കും യാത്രാ സംഘത്തിനും കഴിയുമോ എന്നത് പ്രധാനമാണ് എന്നാണ് കർഷകർ പറയുന്നത്.
കർഷകരെ കണ്ണ് തുറന്ന് കാണുന്നവർ വരുമോ
കൂടെ കൊണ്ടു പോകുന്ന കർഷകരിൽ ഇത്തരത്തിൽ ഒറ്റയാൾ കർഷകരും ആവശ്യമാണ്. അവരുടെ അനുഭവങ്ങളും ആവശ്യങ്ങളും മന്ത്രിയും ഉദ്യോഗസ്ഥരുമായി പങ്കുവെക്കാനുള്ള അവസരം കൂടിയായി ഇത് മാറും എന്ന പ്രതീക്ഷയാണ്.
എന്തിനാണ് കര്‍ഷകരെ കൊണ്ടുപോകുന്നത്. കൃഷി പഠിക്കാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോയാല്‍ പോരെ എന്ന് വിമര്‍ശിക്കുന്നവരുണ്ട്. കേരളത്തിൻ്റെ സാഹചര്യമല്ല തമിഴ് നാട്ടിലും ആന്ധ്രപ്രദേശിലും ഒഡിഷയിലും എല്ലാം ഉള്ളത്. കേരളത്തിൽ കാലാവസ്ഥ മാത്രമാണ് അനുകൂലമായുള്ളത്. അതായത് ജല ലഭ്യത ധാരാളമാണ് എന്നു മാത്രം. ജനസാന്ദ്രതയും ഭൂമിയുടെ ലഭ്യത കുറവും എല്ലാം ഇസ്രയേൽ പേലുള്ള രാജ്യങ്ങൾക്ക് തുല്യമാണ്.
ഏറ്റവും ചുരുങ്ങിയ ഇടത്ത് പരമാവധി സാങ്കേതിക വിദ്യാ സഹായത്തോടെ ഉല്പാദനം സാധ്യമാക്കുക എന്ന അവസരം കണ്ടെത്താനാവണം. ലാഭകരമാവുന്നില്ല എന്നതാണ് നിലവിലെ അവസ്ഥയിൽ കേരളത്തിൽ കൂടുതൽ ആളുകളും കൃഷിലേക്ക് ഇഷ്ടമുണ്ടായിട്ടും വരാത്തതും തുടരാത്തതും. ഇതു കാണാതെ ബുദ്ധി ജീവി വിമർശനങ്ങളാണ് സർക്കാരും പിന്തുടരുന്നതെന്ന് മണ്ണിൽ പണിയെടുക്കുന്നവർ അനുഭവം പങ്കുവെക്കുന്നു. കാല്പനിക കൃഷിക്കാരാണ് ഇവരിൽ ഭൂരിപക്ഷം. തമിഴ് നാട്ടിലേക്ക് നോക്കൂ എല്ലാ പച്ചക്കറികളും അവിടെ നിന്ന് വരികയല്ലെ എന്ന് വിമർശിക്കും എന്നാൽ ഒരു പച്ചമുളകിൻ തൈ പോലും ചെടിച്ചട്ടിയിൽ പോലും വളർത്താനാവില്ല.
ഇത്തരം കാല്പനിക ജൽപനങ്ങൾക്ക് അപ്പുറം കർഷകന് ലാഭകരമായ എന്ത് കൊണ്ടുവരാൻ കഴിയും. പ്രായോഗികമായി എന്തെങ്കിലും ഫലം ഉണ്ടാവുമോ എന്നാണ് ഈ യാത്രയെ കുറിച്ച് കർഷകർ ചോദിക്കുന്നത്. പ്രധാനമായും അവർക്ക് ആവശ്യം ഉല്പാദന ചിലവ് കുറയ്ക്കാവുന്ന സംവിധാനങ്ങളാണ്. കൂടുതൽ വിളവ് കണ്ടെത്താവുന്ന സാങ്കേതികതയാണ്. അവയുടെ പ്രായോഗികതയാണ്. കർഷകർ നേരിട്ട് പോകുമ്പോൾ ഈ പ്രായോഗിക പാഠങ്ങൾ നേരിട്ട് ലഭിക്കാം എന്ന് പ്രതീക്ഷയുണ്ട്.
ചിലവ് രണ്ടര കോടി, പഠന യാത്ര ഇസ്രായേലിലേക്ക്
ഇത്തവണ കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്കാണ് മന്ത്രിയും തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം പോവുക. ഒരാഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശന പരിപാടിയില്‍ ഇരുപത് കര്‍ഷകരും അനുഗമിക്കുന്നുണ്ട് എന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസ്സിലാക്കാനാണ് സംഘം പോകുന്നത്.
കാര്‍ഷിക മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ഇസ്രായേലിലുള്ളത്. വാട്ടര്‍ മാനേജ്മെന്റ്, റീസൈക്ലിങ് ടെക്നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍,ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ മേഖലകളിലെ ഇസ്രായേല്‍ സാങ്കേതികവിദ്യകള്‍ പ്രസിദ്ധമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉള്ള അവസരത്തിന് വേണ്ടിയാണ് പഠന യാത്ര.
ആന്ധ്രപ്രദേശിലെ കൃഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ പഠിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആന്ധ്ര സന്ദര്‍ശിച്ചിരുന്നു. നാച്വറല്‍ ഫാമിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്ന് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. ഇതേപോലെ കര്‍ഷകരെ കൂടി ഉള്‍പ്പെടുത്തിയ യാത്രയാണ് ഇസ്രായേലിലേക്കുള്ളത്.
കൃഷിക്ക് വേണ്ടിവരുന്ന ചിലവ് കുറച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കടം എന്നും എഴുതി തള്ളുന്നത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നില്ല. അതിന് പകരമാണ് പുതുമാതൃകകള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ പുറത്തുനിന്നുള്ള പച്ചക്കറി ഉള്‍പ്പെടെയുള്ള ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമം വിജയം കാണുമോയെന്ന് കണ്ടറിയണം
തുടർ യാത്രകളും അനുവദിക്കുമോ
ഇസ്രായേലിയന്‍ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കി അതു ഇവിടത്തെ കൃഷിയിടങ്ങളില്‍ പ്രായോഗികമാക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരെ തെരഞ്ഞെടുത്ത് ഇസ്രായേലിലേക്ക് അയക്കും. പരമാവധി 20 കര്‍ഷകരെയും കാര്‍ഷിക മേഖലയിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ലഭിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന വമ്പന്‍ സംഘമാണ് പോകുന്നത്. 10 വര്‍ഷത്തിനു മുകളില്‍ കൃഷി പരിചയവും ഒരു ഏക്കറിന് മുകളില്‍ കൃഷിഭൂമിയുമുള്ള കര്‍ഷകരെയാണ് സംഘത്തിലേക്ക് തിരഞ്ഞെടുത്തത്.
ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന യാത്രയ്ക്ക് രണ്ട് കോടിയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇസ്രായേലിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, അവിടുത്തെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ചിലവ്. ഒരു കര്‍ഷകന് വിമാന ചിലവടക്കം മൂന്ന് ലക്ഷം രൂപയാകും. ഇ- മെയിലായി ലഭിച്ച 34 അപേക്ഷകളില്‍ നിന്ന് 20 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരില്‍ 10 പേര്‍ വിമാന യാത്രയ്ക്കുള്ള ചിലവ് സ്വയം വഹിച്ചുകൊള്ളാമെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രിക്കൊപ്പം കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക് ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുമുണ്ടാകും.