മത രാഷ്ട്രിയ വിഭജനത്തിൻ്റെ പേരിൽ വിവാദത്തിലായ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാർ നിരോധനം ഏർപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രം നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തി. സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
കേരള സ്റ്റോറിയുടെ നിഷേധ പ്രചാരണത്തിൽ നിശ്ശബ്ദത പാലിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മമതാ ബാനർജി വിമർശനം ഉന്നയിക്കയും ചെയ്തു.
ബംഗാളില്‍ സമാധാനം നിലനിര്‍ത്താനും വിദ്വേഷ ആക്രമണങ്ങളും കുറ്റകൃത്യങ്ങളും തടയാനുമായാണ് നിരോധനം എന്ന് മമത ബാനര്‍ജി അറിയിച്ചു. ‘ഒരുവിഭാഗത്തെ അപമാനിക്കാനാണ് അവര്‍ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നിര്‍മിച്ചത്. അവരിപ്പോള്‍ കേരളത്തേയും അധിക്ഷേപിക്കുകയാണ്. വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത് എന്നും മമത വിവരിച്ചു.
നേരത്തേ തമിഴ്‌നാട്ടിലും മള്‍ട്ടിപ്ലെക്‌സുകളടക്കം ചിത്രത്തിന്റെ പ്രദര്‍ശനം നിർത്തിച്ചിരുന്നു. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷനും നിലപാട് എടുത്തു.