കാക്കനാട് ഫ്‌ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അര്‍ഷാദ് കുറ്റം സമ്മതിച്ചതായി പോലീസ്. അര്‍ഷാദ് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലയില്‍ കലാശിച്ചതെന്നും തൃക്കാക്കര എസിപി പിവി ബേബി പറഞ്ഞു.
ഒറ്റയ്ക്ക് ഒരാൾക്ക് ചെയ്യാവുന്നതല്ല ഈ കുറ്റ കൃത്യം എന്നായിരുന്നു ആദ്യത്തെ വിശദീകരണം. പ്രതിയേക്കാൾ കായിക ശേഷിയുള്ള വ്യക്തിയാണ് കൊല ചെയ്യപ്പെട്ടത്. മൃതദേഹം മാറ്റിയത് ഉൾപ്പെടെ ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല എന്നായിരുന്നു വിശദീകരണം
ഓഗസ്റ്റ് 27 വരെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന കാക്കനാട്ടെ ഫ്‌ളാറ്റിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. സജീവിനെ കൊലപ്പെടുത്തിയത് കത്തി ഉപയോഗിച്ചാണെന്നും കൊലപ്പെടുത്തിയ രീതിയും തെളിവെടുപ്പിനിടെ പ്രതി പോലീസിനോട് വിശദീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലും തെളിവെടുപ്പ് നടക്കും.
അര്‍ഷാദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. ലഹരിക്കായി പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സജീവിന്റെ കയ്യില്‍നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നത്. ഇതിനുപിന്നാലെ പ്രതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സജീവ് ഉള്‍പ്പെടെ അഞ്ചുയുവാക്കള്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റിലായിരുന്നു കൊലപാതകം. പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞ ശേഷം ഫ്‌ളാറ്റിലെ മാലിന്യക്കുഴലുകള്‍ കടന്നുപോകുന്ന ഡക്ടില്‍ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിലുള്ള മറ്റു മൂന്നുപേര്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.