അംഗങ്ങളെ ചേർക്കുന്നതിന് നീട്ടിനൽകിയ കാലാവധിയും കഴിഞ്ഞു. കോൺഗ്രസ് ലക്ഷ്യമിട്ട 50 ലക്ഷം അംഗത്വ വിതരണത്തിൽ പകുതി തികയ്ക്കാനും കഴിഞ്ഞില്ല.
ഡിജിറ്റലായി 13 ലക്ഷം പേരാണ് അംഗത്വമെടുത്തത്. 33 ലക്ഷം കടലാസ് അംഗത്വ ഫോറം നൽകിയിട്ട്. ഇത് എത്രമാത്രം തിരിച്ചെത്തുമെന്ന് കോൺഗ്രസ് രീതിയിൽ ഉറപ്പില്ല. നേരത്തേ 38 ലക്ഷമായിരുന്നു അംഗങ്ങൾ
മാർച്ചിൽ അംഗത്വവിതരണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. 50 ലക്ഷം അംഗങ്ങളെ ചേർക്കാനാണു ലക്ഷ്യമിട്ടത്. ഇതിന്റെ അഞ്ചിലൊന്നുപോലും മാർച്ചിൽ ചേർത്തില്ല. ഡിജിറ്റൽ അംഗത്വം മാത്രമായിരുന്നു എ.ഐ.സി.സി. നിർദേശം. ഇതിന്റ പരിശീലനത്തിനായി മൂന്നാഴ്ചയെടുത്തു.
ബാക്കി ഒരാഴ്ചയാണ് അംഗത്വവിതരണത്തിനു ലഭിച്ചത്. ഇതിലാകട്ടെ, സാങ്കേതിക പ്രശ്നങ്ങളും നെറ്റ്‌വർക്ക് പ്രശ്നങ്ങളും വന്നതോടെ അംഗങ്ങളെ ചേർക്കാൻ വീടുകയറുന്നത് പലരും നിർത്തി. കടലാസ് അംഗത്വമാകാമെന്ന തീരുമാനം പിന്നീടുണ്ടായി. വിതരണത്തിന് ഏപ്രിൽ 15 വരെ സമയം നീട്ടി.
സജീവ അംഗത്വം ഒഴിവാക്കിയതും ഗ്രൂപ്പുരഹിത പ്രാദേശിക ഘടകങ്ങൾ എന്ന ശ്രമവും കോൺഗ്രസ് രാഷ്ട്രീയത്തെ നിർജീവമാക്കും എന്ന പക്ഷക്കാർ മേൽക്കൈ നേടുകയാണ്. കേഡർ സ്പിരിറ്റ് എന്തായിരിക്കും എന്ന ചോദ്യവും ഉയരുന്നു.
നേരത്തേ കമ്മിറ്റി ഭാരവാഹികളാകാൻ ഒരാൾ ‘ആക്ടീവ് അംഗം’ ആകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പാർട്ടിയിലേക്ക് 25 അംഗങ്ങളെ ചേർക്കുന്നവരാണ് ഈ സജീവ അംഗം. ആ വ്യവസ്ഥ എ.ഐ.സി.സി. ഒഴിവാക്കി. പ്രാഥമിക അംഗത്വമുള്ളയാൾക്ക് ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാമെന്ന ഭേദഗതി അനുവദിച്ചു. ആരുടെ പിന്തുണയും വേണ്ട. പുതിയ അംഗങ്ങളെ ചേർക്കേണ്ടതില്ലെന്ന നിലവന്നതോടെ ആ ഭാഗവും മിനക്കേടില്ലെന്നായി.
പുതിയ അംഗങ്ങളെ ചേർത്ത് ബൂത്തുതലത്തിൽ തുടങ്ങുന്നതാണ് കോൺഗ്രസിലെ ഇതുവരെയുള്ള ഗ്രൂപ്പ് സൂത്രവാക്യം. ബൂത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ബൂത്ത് പ്രസിഡന്റ്, മണ്ഡലം-ബ്ലോക്ക് പ്രതിനിധികൾ എന്നിവരാണ് മേൽക്കമ്മിറ്റികളിലെ വോട്ടർമാർ. അതിനാൽ, ബൂത്തുതലത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ജയിക്കേണ്ടത് നേതാക്കളുടെ ആവശ്യമായിരുന്നു.
ഒരു ബൂത്തിന് 125 അംഗങ്ങൾ എന്ന നിലയിലാണ് കടലാസ് അംഗത്വ ഫോറം നൽകിയത്. ഇത് ഡി.സി.സി.കൾ പരിശോധിച്ച് കെ.പി.സി.സി.ക്കു കൈമാറണം. ഏപ്രിൽ 18-ന് രാഷ്ട്രീയകാര്യ സമിതിയും കെ.പി.സി.സി. നേതൃയോഗവും ചേരുന്നുണ്ട്. 19-ന് കെ.പി.സി.സി. പൂർണ എക്സിക്യുട്ടീവ് യോഗവും നടക്കുന്നുണ്ട്. ഈ നേതൃയോഗങ്ങളിലാകും അംഗത്വക്കണക്ക് വ്യക്തമാകുക. എന്നാൽ ഇതിൽ ഇപ്പോഴും വ്യക്തതയില്ല.
രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോഴാണ് അവസാനമായി കോൺഗ്രസിൽ അംഗത്വവിതരണം നടന്നത്. അന്ന് 38,00,538 പേരാണ് അംഗത്വം നേടിയത്.