സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക് വര്‍മയടക്കമുള്ളവരുമായി സർക്കാർ ചർച്ചയ്ക്ക്. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം തേടിയിട്ടും അവസരം ലഭിച്ചിരുന്നില്ല എന്ന പരാതികൾക്ക് ഒടുവിലാണ് ക്ഷണം. 28-ാം തീയതി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം അലോക് വര്‍മസുബോധ് ജെയിന്‍, ആര്‍.വി.ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവർക്ക് ലഭിച്ചു.
സില്‍വര്‍ ലൈനില്‍ സ്റ്റാന്‍ഡേഡ് ഗേജ് പ്രായോഗികമല്ലെന്നും ബ്രോഡ്‌ഗേജില്‍ ചെയ്യാനുമായിരുന്നു അലോക് വര്‍മ ആവശ്യപ്പെട്ടത്. ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും തട്ടിക്കൂട്ട് ഡി.പി.ആറാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സില്‍വര്‍ ലൈനിന് പിന്നില്‍ ചില താല്‍പര്യമുണ്ടെന്നും അലോക് വര്‍മ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനേയോ കാണാനുള്ള അനുമതി തരണമെന്നായിരുന്നു ആവശ്യം.
അലോക് വര്‍മയുടെ നേതൃത്വത്തിലായിരുന്നു അര്‍ധ അതിവേഗ റെയില്‍വേക്കായി ആദ്യം പഠനം നടത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ‘ബ്രോഡ്‌ഗേജ്’ രീതി സ്വീകരിക്കാതെ ‘സ്റ്റാന്റേര്‍ഡ് ഗേജി’ല്‍ പദ്ധതി നടപ്പാക്കുന്നത് ഗുണകരമാവില്ലെന്ന് അലോക് വര്‍മ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടേ കിട്ടിയില്ലെന്നാണ് കെ.റെയില്‍ എം.ഡി ഇപ്പോള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന് അഞ്ചുപേജുള്ള ഒരു മറുപടി കെ-റെയില്‍ എം.ഡി. ഒപ്പിട്ടുതന്നിട്ടുണ്ടെന്നും അലോക് വര്‍മ പറയുന്നുണ്ട്.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും കെ.റെയില്‍ പ്രധാന ചര്‍ച്ചയായിട്ടും ജനങ്ങളെ ഇതിന്റെ എല്ലാ വശങ്ങളേയും കുറിച്ച് കൃത്യമായി ബോധിപ്പിക്കാനായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇതിന് തുടർച്ചയായാണ് സാങ്കേതിക വശങ്ങളെ കുറിച്ച് എതിര്‍പ്പ് ഉന്നയിക്കുന്ന അലോക് വര്‍മ അടക്കമുള്ളവരെ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.