ജാതി വ്യവസ്ഥയുടെ കൊടും വിഷങ്ങൾ പുറത്തു കൊണ്ടു വരുന്ന തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ ‘പൈർ’ (Pyre) ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയിൽ ഇടം പിടിച്ചു. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്. 13 നോവലുകളാണ് പരിഗണനയിൽ.
2013-ല്‍ തമിഴില്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ അനിരുദ്ധന്‍ വാസുദേവന്‍ ആണ് 2016 ൽ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. മാൻ ബുക്കർ ഇൻ്റർ നാഷണലിൽ പരിഗണിക്കുന്നത് ഇംഗ്ലീഷിലെത്തിയ കൃതികളാണ്. ഏപ്രില്‍ 18ന് ഇവയിൽ നിന്നും ആറ് പുസ്തകങ്ങൾ ഉൾപ്പെടുന്ന ചുരുക്കപ്പട്ടികയും മെയ് 23ന് ജേതാവിനെയും പ്രഖ്യാപിക്കും. 50 ലക്ഷം രൂപയാണ് സമ്മാന തുക.
1980കളിലെ തമിഴ് നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍ സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഗീതാഞ്ജലി ശ്രീയുടെ ‘ടോംപ് ഓഫ് സാന്റ്’ (Tomb of Sand) അഥവാ (Ret Samadhi), എന്ന നോവലിനായിരുന്നു.
“ഈ വാർത്ത ഞാനറിഞ്ഞിട്ടേയുള്ളൂ. ഞാൻ വളരെ സന്തോഷവാനാണ്, ഇത് എന്റെ എഴുത്തിനുള്ള വലിയ സ്വീകാര്യതയാണ്. ദുരഭിമാനക്കൊലയാണ് “പൈർ” കൈകാര്യം ചെയ്യുന്നത്. ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് വളരെ വലിയ വിഷയാണ്, ഈ അംഗീകാരത്തിന് ശേഷം കൂടുതൽ ആളുകൾ ഈ വിഷയത്തെക്കുറിച്ച് അറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” പെരുമാൾ മുരുകൻ പ്രതികരിച്ചു