ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ നിബന്ധനകളും മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സികള്‍. ജോഡോ യാത്രയുടെ നടത്തം മാറ്റി വേണമെങ്കിൽ യാത്ര കാറിൽ ആക്കാനാണ് നിർദ്ദേശം. എന്നാൽ ഇക്കാര്യത്തിൽ രാഹുലിൻ്റെ പ്രതികരണം വന്നിട്ടില്ല. കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നടക്കരുതെന്ന് ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിച്ചതായി എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭീകരാക്രമണ സാധ്യതയുള്ള ചൂണ്ടികാട്ടിയാണ് നിയന്ത്രണം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജോഡോ യാത്ര ഇന്ന് വൈകിട്ട് പഞ്ചാബ് ഹിമാചല്‍ അതിര്‍ത്തിയിലെത്തും. നിലവില്‍ രാഹുല്‍ ഗാന്ധിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. ഒന്‍പതോളം സുരക്ഷാ ഭടന്മാരാണ് 24 മണിക്കൂറും രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്.
കശ്മീരിലാണ് യാത്രാ സമാപനം. ഇത് വലിയ രാഷ്ട്രീയ വഴിത്തിരിവാകും എന്ന വിലയിരുത്തലുകൾക്ക് ഇടയിലാണ് സുരക്ഷാ പ്രശ്നം ഉയർത്തുന്നത്. വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കുക. ജനുവരി 25-ന് ബനിഹാലില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തും. ജനുവരി 27-ന് അനന്തനാഗ് വഴി യാത്ര ശ്രീനഗറില്‍ പ്രവേശിക്കും. ജനുവരി 30-ന് ശ്രീനഗറില്‍ വലിയ റാലിയോടെയായിരിക്കും ഭാരത് ജോഡോ യാത്ര സമാപിക്കുക.
പ്രതിപക്ഷത്തുള്ള 21 പാര്‍ട്ടികളുടെ നേതാക്കളെ യാത്രയുടെ സമാപനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതേസമയം അരവിന്ദ് കെജ്രിവാള്‍, എച്ച്ഡി ദേവഗൗഡ, ഒവൈസി തുടങ്ങി എട്ടോളം രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ക്ഷണമില്ല.
യാത്രാ പദ്ധതി സുരക്ഷാ ഏജൻസി വഴി
രാഹുലിന് സുരക്ഷ ഏര്‍പ്പെടുത്താനുള്ള വിശദമായ പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയില്‍ തങ്ങേണ്ട സ്ഥലങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധനനടത്തുന്നുണ്ടെന്നും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ മുൻനിർത്തി നിബന്ധനകൾ പുറത്തു വന്നു.
കൂടെ നടക്കുന്നവർക്കും നിബന്ധന
രാഹുലിനൊപ്പം യാത്രയില്‍ നടക്കുന്നവരുടെ എണ്ണം പരിമിതപ്പടെുത്താന്‍ സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെടും. രാഹുലിനൊപ്പം വലയത്തിനുള്ളില്‍ നടക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തുമെന്നും സുരക്ഷാ ഏജന്‍സികള്‍ അറിയിക്കുന്നു. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്കൊപ്പം ഒമ്പതോളം കമാന്‍ഡോകള്‍ ഉണ്ടാവാറുണ്ട്.
രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് കാണിച്ച് കഴിഞ്ഞ മാസം കോണ്‍ഗ്രസ് കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, രാഹുലിന്റെ ഭാഗത്ത് നിന്നാണ് സുരക്ഷാ വീഴ്ചകളുണ്ടായതെന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി. 2020 മുതല്‍ 100ലേറെ തവണ രാഹുല്‍ സുരക്ഷക്രമീകരണങ്ങള്‍ മറികടന്നുവെന്നാണ് കേന്ദ്രത്തിൻ്റെ മറുപടിയില്‍ ആരോപിച്ചത്.
തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലൂടെയാണ് ജോഡോ യാത്ര ഇതുവരെ കടന്നുപോയത്.