എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടിയെന്ന വിവരം എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ സ്ഥിരീകരിച്ചു.
എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നും വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്നും എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ എത്തിച്ച് ചോദ്യം ചെയ്യും
കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, എന്താണ് കാരണം തുടങ്ങിയ കാര്യങ്ങളൊക്കെ ചോദ്യംചെയ്യലിന് ശേഷം അറിയിക്കും. ഇതുവരെയുള്ള ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയത്. ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കേസായതിനാല്‍ മറ്റു ഏജന്‍സികളുമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച്
മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍വെച്ചാണ് പ്രതിയെ പിടികൂടിയതെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ബുധനാഴ്ച കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ എ.ഡി.ജി.പി. തീവെപ്പുണ്ടായ ട്രെയിനിലെ കോച്ചുകള്‍ പരിശോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
രത്‌നഗിരി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയതെന്ന് രത്‌നഗിരി എസ്.പി. ധനഞ്ജയ് കുല്‍ക്കര്‍ണിയും മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് പ്രതി രത്‌നഗിരിയില്‍ എത്തിയെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതോടെ പോലീസ് ജാഗ്രതയിലായി. പുലര്‍ച്ചെ രണ്ടരയ്ക്ക് ഇയാള്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്നതായ വിവരം ലഭിച്ചെന്നും തുടര്‍ന്നാണ് പിടികൂടിയതെന്നും പറഞ്ഞു
ഷാരൂഖ് സെയ്ഫിയുമായി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കേരളത്തിലേക്ക് യാത്രതിരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ കേരള പോലീസ് സംഘത്തിന് കൈമാറിയത്. ഇതിന് മുന്‍പ് എന്‍.ഐ.എ.യും മഹാരാഷ്ട്ര എ.ടി.എസും പ്രതിയെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയുമായി കേരള പോലീസ് സംഘം യാത്രതിരിക്കുകയായിരുന്നു.
ഡിവൈ.എസ്.പി. റഹീം അടക്കമുള്ളവരാണ് കേരള പോലീസ് സംഘത്തിലുള്ളത്. സുരക്ഷാപ്രശ്‌നം കാരണം പോലീസ് സംഘത്തിന് ട്രെയിന്‍മാര്‍ഗമുള്ള യാത്രയ്ക്ക് അനുമതി കിട്ടിയില്ല. ഇതോടെയാണ് റോഡ് മാര്‍ഗം എത്തിക്കുകയാണ് ചെയ്യുന്നത്.