കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ കൊല ചെയ്യപ്പെട്ട സംഭവത്തിന് തുടർച്ചയായി കെ.ജി.എം.ഒ.എ പ്രതിഷേധം വ്യാഴാഴ്ചയും തുടരും. എമര്‍ജന്‍സി സേവനങ്ങള്‍ ഒഴികെയുള്ള ഡ്യൂട്ടികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും എന്നാണ് അറിയിച്ചിട്ടുള്ളത്
ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതു വരെ വി.ഐ.പി ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും കെ.ജി.എം.ഒ.എ പ്രസ്താവനയില്‍ അറിയിച്ചു. ഏഴിന ആവശ്യങ്ങൾ മുന്നോട്ട് വെച്ചു
:-
- ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓര്‍ഡിനന്‍സ് ഒരാഴ്ചക്കകം പുറപ്പെടുവിക്കുക.
- സിസിടിവി ഉള്‍പ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുക.
- അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളില്‍ ആംഡ് റിസര്‍വ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകള്‍ സ്ഥാപിക്കുക
- അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പിലാക്കുക.
- പോലീസ് കസ്റ്റഡിയില്‍ ഉള്ള ആളുകളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും കൂടുതല്‍ ഡോക്ടര്‍മാരെ ജയിലില്‍ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.
- കൃത്യവിലോപം നടത്തിയ പോലീസുകാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുക.
- അത്യാഹിത വിഭാഗത്തില്‍ ഒരു ഷിഫ്റ്റില്‍ രണ്ട് സിഎംഒ മാരെ ഉള്‍പ്പെടുത്താന്‍ സാധിക്കും വിധം കൂടുതല്‍ സിഎംഒമാരെ നിയമിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുക.
11 തവണ കുത്തി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. വൻജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മൃതദേഹം നാളെയാണ് സംസ്കരിക്കുക.
പൊലീസ് എന്തു ചെയ്യുകയായിരുന്നു എന്ന് കോടതിയും
വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സർക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ തടയാൻ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളും ,രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇത്തരം ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.
ഇതിൽക്കൂടുതൽ എന്ത് സംഭവിക്കാനാണെന്നും കോടതി ചോദിച്ചു. യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. പ്രതികളെ മജിസ്ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടികളെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഡോ വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്‍റെ പരാജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.