എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ചതിന് തുടർച്ചയായി പ്രതികരണവുമായി സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. കേന്ദ്രകമ്മിറ്റിയംഗമായി ഇ.പി. ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടോ മനസ്സിലാക്കിയിട്ടോയില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. പാർട്ടി രഹസ്യം എന്ന നിലയ്ക്ക് വസ്തുതകൾ പുറത്തു പറയാതെ നയതന്ത്ര ഭാഷയിലായിരുന്ന മറുപടി.
എന്നാൽ സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരുമെന്നും വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്ക് എതിരായ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. പാര്‍ട്ടി യോഗത്തില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് ശരിയല്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാര്‍ട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
പി ജയരാജൻ പറഞ്ഞതും പറയാത്തതും പറയാതെ പറഞ്ഞതും
നാട്ടില്‍ പലസ്ഥലത്തും പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് പറയുകയെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ പറയുന്ന ആ പ്രദേശത്ത് താന്‍ പോയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സമൂഹത്തിലെ ജീര്‍ണ്ണത സി.പി.എമ്മിനകത്തും നുഴഞ്ഞുകയറും അത്തരം തെറ്റായപ്രവണതകള്‍ക്കതെരിയുള്ള സമരം പാര്‍ട്ടിക്ക് അകത്ത് നടത്തണം എന്നാണ് തെറ്റുതിരുത്തല്‍ രേഖയുടെ സാരാംശം. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയങ്ങോട്ട് കേരളത്തിലെ പാര്‍ട്ടിയില്‍ നടത്തും. പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നു എന്ന യാതൊരു ചര്‍ച്ചയും നിഗമനവും പാര്‍ട്ടി സംസ്ഥാന യോഗത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കണം, പാര്‍ട്ടിയുടെ വിപ്ലവകരമായ ആത്മശുദ്ധിനിലനിര്‍ത്തക്ക രീതിയിലുള്ള നല്ലനിലയിലുള്ള ഇടപെടല്‍ പാര്‍ട്ടി ബ്രാഞ്ച് മുതല്‍ എല്ലാഘടകങ്ങളും നടത്തണം എന്ന അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി അംഗീകരിച്ചത്.
സി.പി.എം. കോണ്‍ഗ്രസിനെപ്പോലെയോ ബി.ജെ.പിയെ പോലെയോ ഉള്ള പാര്‍ട്ടിയല്ല. അടിമുതല്‍ മുടിവരെ സേവനം മാത്രം ലക്ഷ്യമിട്ടുള്ള കേഡര്‍മാര്‍ ഉള്ള പാര്‍ട്ടിയാണ്. സമൂഹത്തിന്റെ തെറ്റായ പലപ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലും വരും. അതിനെതിരെയുള്ള തെറ്റുതിരുത്തല്‍ രേഖയാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത്. തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി സ്വാഭാവികമായി തെറ്റായപ്രവണതകളെക്കുറിച്ച് പറയുകയെന്നല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
പാർട്ടി ഘടകത്തിൽ പറഞ്ഞത്
ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനം ബന്ധിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന്‍ പരാതി ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് ഇത്. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി. ജയരാജന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലില്‍ കേരളാ ആയുര്‍വേദിക്ക് ആന്‍ഡ് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വൈദേകം എന്ന ആയുര്‍വേദ റിസോര്‍ട്ട് പ്രവർത്തിക്കുന്നുണ്ട്. ആയുര്‍വേദ ഗ്രാമം എന്ന നിലയില്‍ വിഭാവനം ചെയ്ത സംരംഭമാണിത്. 30 കോടിയോളം രൂപ ചെലവഴിച്ച് കുന്നിന്റെ മുകളിലാണ് ആയുര്‍വേദ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി കുന്ന് ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.
ആരോപണമല്ല, ഉത്തമ ബോധ്യത്തോടെ
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കിടെയാണ് പ്രശ്നം ഉയർന്നു വന്നത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയത് ചൂണ്ടി കാട്ടി. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയ കാര്യവും ചൂണ്ടി കാട്ടി.
ഇ.പി. ജയരാജന്റെ മകനെ കൂടാതെ ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയുര്‍വേദിക്ക് വില്ലേജും നിര്‍മ്മിച്ചത്. കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ഇക്കാര്യം ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞു.
മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കള്‍ എല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജന്‍ പങ്കെടുത്തില്ല. പരാതി തള്ളിക്കളയാതിരുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.