ത്രിപുരയില്‍ ബിജെപി അധികാര തുടർച്ച ഉറപ്പിച്ചപ്പോൾ വിജയം നിർണ്ണയിച്ച പുത്തൻ പാർട്ടി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ തിപ്രമോത മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു. സിപിഎമ്മിന് കഴിഞ്ഞ തവണ ഭരണവും ഇത്തവണ പ്രതിപക്ഷ സ്ഥാനവും നഷ്ടമായി.
സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും പൊരുതി മുന്നേറാൻ കഴിഞ്ഞില്ല. രാഷ്ട്രീയമായും കായികമായും വലിയ വെല്ലുവിളികളാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. ദീർഘ കാലം ഭരണത്തിൻ്റെ ആലസ്യത്തിലും സുരക്ഷിതത്വത്തിലും കഴിഞ്ഞ പാർട്ടിക്ക് നേർക്കുനേർ എതിരിടൽ കഴിയാതെ പോയി. കഴിഞ്ഞ തവണ ബി ജെ പി ഭരണം പിടിച്ചതിന് ശേഷം അറുപതിൽ അധികം പ്രവർത്തകർ കൊല്ലപ്പെട്ട സാഹര്യമാണ് നേരിടേണ്ടി വന്നത്. ത്രിപുര സന്ദർശിച്ചപ്പോൾ ഒരു ചെങ്കൊടി പോലും കാണാനായില്ലെന്ന് പാർട്ടി നേതാവ് തോമസ് ഐസക് പരസ്യമായി ഫേസ്ബുക്കിൽ കുറിച്ചു. ഭയത്തിൻ്റെ സാഹചര്യമായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. വീടുകൾ തന്നെ ഇടിച്ചു നിരത്തിയും കാട്ടിലേക്ക് ഓടിച്ചുമായിരുന്നു പാർട്ടി കളി.
ബിജെപിയുടെയും സിപിഎമ്മിൻ്റെയും വോട്ട് ചോർന്നു
സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ഉണ്ടായത്. 2018-ല്‍ അധികാരം നഷ്ടമായെങ്കിലും ബിജെപിയുമായുള്ള വോട്ടിങ് വ്യത്യാസം 1.37 ശതമാനം മാത്രമായിരുന്നു. 35 സീറ്റുകളില്‍ വിജയിച്ച് അധികാരം നേടിയ ബിജെപിക്ക് 43.59 ശതമാനം വോട്ടുകളാണ് അന്ന് ലഭിച്ചിരുന്നത്.
തോറ്റു എങ്കിലും അന്ന് 16 സീറ്റകള്‍ നേടിയ സിപിഎമ്മിന് 42.22 ശതമാനം വോട്ടുകള്‍ നേടാനായിരുന്നു. ഇത്തവണ കോൺഗ്രസുമായി ഒത്തു തീർപ്പിൽ എത്തി 11 സീറ്റുകളിലൊതുങ്ങി. അതോടൊപ്പം വോട്ട് ശതമാനവും കുറഞ്ഞു. സിപിഎമ്മിന് 24.6 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.
32 സീറ്റുകളില്‍ വിജയിച്ച് ഭരണ പിടിച്ച ബിജെപിയും വോട്ട് ചോർച്ച അനുഭവിച്ചു. 39 ശതമാനത്തോളം വോട്ടുകളാണ് നേടാനായത്. 43.59 ശതമാനത്തിൽ നിന്നുള്ള ഇടിച്ചിലാണ് ഇത്. ബിജെപിയെയും ഉലച്ചത് പ്രാദേശിക ശക്തിയാണ്. സിപിഎമ്മുമായി സഖ്യത്തില്‍ മത്സരിച്ച് മൂന്ന് സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് 8.6 ശതമാനം വോട്ടുകളാണ് നേടിയത്.
തിപ്രമോത ചെറിയ മീനല്ല
13 സീറ്റുകളോടെ മുഖ്യപ്രതിപക്ഷമായി മാറിയ ത്രിപമോത പാര്‍ട്ടിക്ക് 22 ശതമാനത്തോളം വോട്ടുകള്‍ പിടിക്കാനായി. ആദ്യമായാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കാലു കുത്തിയത്. മേഘാലയയിൽ സങ്മയുടെ എൻപിപിയെ പോലെ കടന്നു കയറി വോട്ട് പിടിച്ചു. ഇത് സിപിഎമ്മിൻ്റെ വോട്ട് ചോർത്തിയതിനെക്കാൾ ബിജെപി വോട്ടുകൾ അടർത്തിയതാണ് രാഷ്ട്രീയ പ്രധാന്യം നേടുന്നത് എന്നാണ് ചർച്ചകൾ. സിപിഎമ്മനെതിരെ ഭരണവിരുദ്ധ തരംഗം ദീർഘകാല ഭരണത്തിൽ രൂപപ്പെടാം. എന്നാൽ ബിജെപി പിടിച്ച വോട്ടുകളിൽ വലിയ ഒരു വിഭാഗം താത്കാലിക വോട്ടുകളാണ്. വൈകാരിക തരംഗങ്ങൾ കുത്തി ഇളക്കിയാണ്. ഇത് അതിനെക്കാൾ ശക്തമായ പുതിയ തരംഗം വരുമ്പോൾ നഷ്ടമാവുന്നു. പ്രാദേശിക പാർട്ടികളാണ് കളിച്ച് കയറുന്നത്.
എന്നാൽ ഇതിനെയും വോട്ടും അധികാരവും ആക്കി മാറ്റുക എന്ന തന്ത്രത്തിലാണ് ബിജെപി വീണ്ടും ജയിക്കുന്നത് എന്നത് മറ്റൊരു ലോജിക്കാണ്. മേഘാലയയിൽ തിരഞ്ഞെടുപ്പിൽ ശത്രുത പ്രഖ്യാപിച്ച സങ്മയുമായി ഫലം വന്ന ഉടനെ ചർച്ച നടത്തി കഴിഞ്ഞു. നോർത്ത് ഈസ്റ്റ് രാഷ്ട്രീയത്തിലെ ഈ മെയ് വഴക്കം മേഖലയെ മുഴുവൻ സ്വാധീനിക്കുന്ന രാഷ്ട്രീയമാക്കി മാറ്റാൻ ബി ജെ പിക്ക് കഴിഞ്ഞു. ഗ്രേറ്റർ തിപ്ര ലാൻ്റ് എന്ന മുദ്രാവാക്യം ഉപേക്ഷിച്ച് വരൂ എന്ന് തിരഞ്ഞെടുപ്പ് ഫലം വന്ന ഇന്നും ബി ജെ പി തിപ്രമോതയെ ഭരണത്തിൽ പങ്കു പറ്റാൻ സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും പ്രാദേശികമായി ഉയർന്നു വരുന്ന മുദ്രാവാക്യങ്ങൾ ചെറുതല്ല. വലിയ വിലപേശൽ ശേഷിയും അവർ നേടിയെടുത്തു. പഴയ തീവ്രവാദവും തോക്കുമല്ല ജനാധിപത്യത്തിൻ്റെ പുതു കളികൾ പയറ്റുകയാണ്.
ഭരണം ഭാരമായി മാറി സിപിഎം
പശ്ചിമ ബംഗാളില്‍ പ്രതീക്ഷ തന്നെയും നഷ്ടപ്പെടുത്തിയതോടെ കേരളം കഴിഞ്ഞാല്‍ സിപിഎമ്മിന് ഏക ആശ്വാസ കേന്ദ്രമായിരുന്നു ത്രിപുര. പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ നേതൃത്വത്തില്‍ ത്രിപ്രമോത ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമാണ് നേടിയെടുത്തത്. കോൺഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മൻ്റെ രംഗ പ്രവേശം. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം അഴിമതിക്ക് നിർബന്ധിക്കുന്നു എന്ന് പറഞ്ഞാണ് സ്ഥാനം വലിച്ചെറിഞ്ഞത്. ത്രിപുര രാജവംശ പാരമ്പര്യം പരസ്യമായി അവകാശപ്പെടുന്ന കക്ഷിയാണ്.
പ്രലോഭിപ്പിച്ച പാർട്ടികളിൽ ഒന്നിലും തൊടാതെ ഒരു സാമൂഹി സംഘടനയുമായി ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി. 2019 ലായിരുന്നു ഇത്. തുടർന്ന് Tipraha Indigenous Progressive Regional Alliance രൂപീകരിച്ച് പ്രവർത്തനം തുടന്നു. 2021 ഫെബ്രുവരി അഞ്ചിനാണ് പാർട്ടി പ്രഖ്യാപിച്ചത്. മൂന്നു പ്രാദേശിക പാർട്ടികളെ കൂട്ടി ചേർത്തായിരുന്നു തിപ്രമോത വിപുലപ്പെടുത്തിയത്. പ്രാദേശിക രാഷ്ട്രീയത്തിൻ്റെ ഈ കളി നഷ്ടപ്പെടുവാൻ ഏറെ ഉണ്ടായിരുന്ന സിപിഎമ്മിനും കോൺഗ്രസിനും അറിഞ്ഞിട്ടും തിരിച്ചറിയാൻ കഴിയാതെ പോയി.
വികാര രാഷ്ട്രീയത്തിലെ പുതു കരുക്കൾ
മാത്രമല്ല ബിജെപിയെക്കാൾ വിഭജന രാഷ്ട്രീയം അവർ കയ്യാളുന്നുമുണ്ടായിരുന്നു. ഗ്രേറ്റർ തിപ്രലാൻ്റിന് വേണ്ടിയുള്ള മുദ്രാവാക്യമാണ് ആദ്യം ഉയർത്തിയത്. വിഭജന രാഷ്ട്രീയത്തെ ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് അമിത് ഷാ തന്നെ ഒരു ഘട്ടത്തിൽ ഇവരെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ പാർട്ടിയുടെ മുദ്രാവാക്യം സമുദായം ആദ്യം രാഷ്ട്രീയം പിന്നീട് (“Puila Jati, Ulobo Jati” and “Puila Jati, Ulo Party” ) എന്നു തന്നെയായിരുന്നു. അതവർ പരസ്യമായി പ്രഖ്യാപിച്ചു. ഗോത്ര മേഖലയിലേക്ക് അത് പടർന്നു കയറി. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി പയറ്റിയത് ഒന്നും അവിടെ വിലപ്പോയില്ല. ഗോത്ര സ്പീരിറ്റ് വേറെ ആയിരുന്നു.
സ്വതന്ത്രാധികാര ജില്ലാ കൌൺസിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും തിപ്രമോത തൂത്തു വാരിയിരുന്നു. ഒരു ദേശീയ പാർട്ടിയുടെയും പിന്തുണയില്ലാതെ ജയിച്ചു കയറിയത് ത്രിപുര രാഷ്ട്രീയത്തിലെ ചരിത്രമായിരുന്നു. മുന്നണി രാഷ്ട്രീയത്തിൻ്റെയും പ്രാദേശിക രാഷ്ട്രീയത്തിൻ്റെയും തുടർച്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ പരീക്ഷിക്കയാണ്.
സപ്ത സഹോദരിമാർ എന്നറിയപ്പെടുന്ന ഈ സംസ്ഥാനങ്ങളിൽ മിക്കതിലും കേന്ദ്രത്തിൽ ആര് അധികാരത്തിൽ എത്തുന്നുവോ അവർക്ക് ഒപ്പം എന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. ത്രിപുരയിൽ മാത്രമല്ല മണിപ്പൂരിലും നാഗാലാൻ്റിലും മേഘാലയയിലും എല്ലാം കമ്മൂണിസ്റ്റ് പാർട്ടികൾ കേഡർ സംവിധാനവും സീറ്റുകളും ഉണ്ടായിരുന്നു. ഭരണം നിശ്ചയിക്കാനുള്ള സ്വാധീനം വരെ നേടിയിരുന്നു. ഇതിൻ്റെ ഒഴിവിലാണ് പ്രാദേശിക പാർട്ടികൾ കളിച്ചു കയറുന്നത്. അവർ കൃത്യമായും പുതിയ മുദ്രാവാക്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. പക്ഷെ അത് രാജ്യം എന്ന നിലയ്ക്ക് അതിർത്തി സംസ്ഥാനങ്ങളിൽ എങ്ങിനെ മാറി വരും എന്നതും കാത്തിരുന്ന് കാണേണ്ടി വരും. വിഭാഗീയതയും വികാര രാഷ്ട്രീയവും ആർക്കും ഉപയോഗിക്കാവുന്ന ടൂൾ ആണെന്ന പോസ്റ്റ് മോഡേൺ സോദാഹരണ സമീപനമാണ്.