വിഷാദം അത്ര ദൂരത്തല്ല. എപ്പോഴും മനസിനെ കീഴടക്കാം. ഏറ്റവും പ്രിയപ്പെട്ടതായി മനസിൽ മുദ്രണം ചെയ്തത് മാറിപ്പോകുമ്പോഴും, അവഗണനകളും പരിഹാസങ്ങളും നിരാസവും നിറയ്ക്കുന്ന ഇരുട്ടിലും മനസിലെ കേവല ശൂന്യതയിലും എല്ലാം വിഷാദം കയറിവരാം.
എന്നാൽ വിഷാദത്തിന് ആദ്യത്തെ ചികിത്സ നൽകേണ്ടത് സ്വയം തന്നെയാണ്. എന്താണ് എവിടെയാണ് മനസ് പോകുന്നത് എന്ന് കണ്ടെത്തുക. ഉണർവിൻ്റെ വഴികളിലേക്ക് സ്വയം നടത്തി കൊണ്ട് പോകുക.
മാത്രമല്ല ശരീരത്തെ നടത്തി കൊണ്ട് പോകുന്നതും വിഷാദത്തിൽ നിന്നും അകലാനും സാന്ത്വനം കണ്ടെത്താനും സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
ഒരു കാര്യവും ചെയ്യാതെ ഇരിക്കുന്നതിൽ നിന്ന് അൽപമെങ്കിലും വ്യായാമം ചെയ്യുന്ന അവസ്ഥയിലേക്ക് മാറുക. അത് ഏതുമാവാം. ദൈനം ദിനമായി വന്നു ചേരുന്ന മനസ് കൊടുക്കാവുന്ന കായിക ജോലികൾ ആവാം. ഇതു മൂലം ശരീരത്തിൽ ഉണ്ടാവുന്ന മാറ്റം വിഷാദത്തോട് പൊരുതാൻ സഹായിക്കുമെന്നാണ് പഠനം.
ഇതിൽ ഏറ്റവും ഉത്തമമാണ് നടത്തം. ചടുലനടത്തം പോലുള്ള വ്യായാമങ്ങൾ വിഷാദത്തെ കുറയ്ക്കുമെന്ന് ഗവേഷകർ തെളിവ് നൽകുന്നു. ആഴ്ചയിൽ 1.25 മണിക്കൂറുള്ള ചടുലനടത്തം വിഷാദരോഗത്തിനെതിരെ പൊരുതാൻ 18 ശതമാനത്തോളം സഹായിക്കുമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.
1,90,000 പേരിൽ നടത്തിയ പതിനഞ്ചോളം പഠനങ്ങൾക്കൊടുവിലാണ് വിഷാദത്തെ കുറയ്ക്കാൻ വ്യായാമം സഹായകമാകുമെന്ന കണ്ടെത്തലിലേക്കെത്തിയത്. കേംബ്രിജ്, സിഡ്നി സർവകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. വ്യായാമം ഒട്ടും ചെയ്യാത്തവരെ അപേക്ഷിച്ച് ആഴ്ചയിൽ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ജനങ്ങൾക്കിടയിൽ നടത്തിയ പഠന ഫലം പറയുന്നു.
ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുതവണയെങ്കിലും മുക്കാൽ മണിക്കൂറോളം വ്യായാമം ചെയ്യുന്നത് മാനസികാരോഗ്യത്തിന് ഗുണകരമാണെന്ന് പഴയ പഠനം ഉണ്ട്. ഓട്ടം, നടത്തം, പെയിന്റിങ്, ചെറിയ ജോലികളിൽ ഏർപ്പെടുക തുടങ്ങിയ ചലനങ്ങൾ പോലും മാനസികാരോഗ്യത്തിന് നല്ലതാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു.വീട്ടുജോലിയിൽ ഏർപ്പെടുന്നതു പോലും വിഷാദദിനങ്ങളെ പത്തുശതമാനത്തോളം കുറയ്ക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുള്ളതാണ്.
പുതിയ പഠനം പറയുന്നത് ഇതൊന്നും വയ്യാത്ത അവസ്ഥയിൽ ഇറങ്ങി നടക്കുക എന്നതാണ്. ചടുലമായി നടക്കുക. രക്ത ചംക്രമണത്തിനും ഞരമ്പുകളുടെ ഉത്തേജനത്തിനും ഇത് സഹായിക്കും. ശരീരത്തോടൊപ്പം മനസും ഉണരും. ഹോർമോണുകളുടെ അസംതുലിതത്വം കുറയും.