കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പുറപ്പെട്ട വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 68 പേരുടെ മൃതദേഹം കണ്ടെത്തി. അഞ്ച് ഇന്ത്യക്കാരടക്കം 68 യാത്രികരും, രണ്ടു പൈലറ്റുമാരും രണ്ട് എയര്‍ഹോസ്റ്റസും ഉള്‍പ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ടു പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിമാനം ഞായറാഴ്ച രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ പഴയ വിമാനത്താവളത്തിനും പുതിയ വിമാനത്താവളത്തിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് യെതി എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണത്.
നേപ്പാളില്‍ ഇടക്കിടെയുണ്ടാകുന്ന വിമാന ദുരന്തങ്ങളില്‍ ഒടുവിലത്തേതാണ് പൊഖാറയിലെത്. ദുര്‍ഘടമായ പര്‍വതനിരകള്‍, പ്രവചനാതീതമായ കാലാവസ്ഥ, വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി വിമാനങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള നിക്ഷേപം എന്നിവക്ക് പുറമെ അധികൃതര്‍ക്ക് കാര്യമായ നിയന്ത്രണമില്ലാത്തതും വിമാന ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മാത്രം നിരവധി പേര്‍ മരിച്ച 27 വിമാനാപകടങ്ങളാണ് നേപ്പാളിലുണ്ടായത്. അധികവും ചെറുയാത്രാ വിമാനങ്ങളാണ് അപകടമുണ്ടാക്കുന്നത്.