ചാരവൃത്തി കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ ദല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡൽഹി ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലായത്.
ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സി ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ ദേവേന്ദ്ര ശര്‍മയെ ഹണി ട്രാപ്പില്‍ അകപ്പെടുത്തി. ചാറ്റിങ്ങിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്സ് റഡാറുകളുടെ സ്ഥാനങ്ങള്‍, സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റിങ് തുടങ്ങി തന്ത്രപ്രധാനമായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വ്യക്തി ശര്‍മ്മയില്‍ നിന്ന് അന്വേഷിച്ചറിയാന്‍ ആരംഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സുപ്രധാന വിവരങ്ങള്‍ പലതും ശര്‍മ പങ്കുവെച്ചതായി പൊലീസ് പറയുന്നു.
വെറും ഹണിട്രാപ്പ് മാത്രമായിരുന്നു എങ്കിൽ എന്തിന് സാമ്പത്തിക ഇടപാടുകൾ നടത്തി എന്നും സംശയിക്കുന്നു.
ഇന്ത്യന്‍ സിം കാര്‍ഡ് ഉപയോഗിച്ചാണ് ദേവേന്ദ്ര ശര്‍മയെ ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ പിന്നീട് ആ നമ്പര്‍ പ്രവര്‍ത്തനരഹിതമായി. കേസില്‍ മെയ് ആറിനാണ് ശര്‍മയെ അറസ്റ്റ് ചെയ്തത്.