ഒൻപത് വർഷം കൊണ്ട് 750 രൂപയുടെ വർധന; സബ്സിഡിയുടെ പേരിൽ കബളിപ്പിക്കൽ; ലോക മാർക്കറ്റിൽ വില കുറയുമ്പോൾ രാജ്യത്ത് കുത്തനെ കൂട്ടൽ
പാചക വാതക വിലയിൽ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഉണ്ടായത് 750 രൂപയുടെ വർധനവ്. മോഡി സർക്കാർ അധികാരമേൽക്കുമ്പോൾ പാചകവാതകത്തിന് ഒരു സിലിണ്ടറിന് 410 രൂപയായിരുന്നു. ഇപ്പോൾ അത് 1103 രൂപയിലെത്തി നില്‍ക്കുന്നു. സർവ്വീസ് ചാർജ് കൂടി കൂട്ടിയാൽ കുടുബങ്ങളുടെ മേൽ വന്ന് പതിച്ചത് ഏകദേശം 700 രൂപയുടെ വര്‍ധന.
2022-ല്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത് നാലു തവണയായിരുന്നു. ജനുവരി മാസത്തില്‍ 906.50 ആയിരുന്ന വില മാര്‍ച്ച് 22-ന് അന്‍പതു രൂപ കൂടി 956.50-ത്തില്‍ എത്തി. രണ്ടുമാസത്തിനു ശേഷം മേയ് ഏഴിന് അത് 1006.50 ആയി. പിന്നീട് വര്‍ധനയുണ്ടാകുന്നത് ജൂലൈ മാസത്തിലാണ്. ജൂലൈ ആറിന് വില 1060-ല്‍ എത്തി. 2023 ജനുവരിയിലും ഫെബ്രുവരിയിലും വില കൂടിയില്ലെങ്കിലും മാര്‍ച്ച് ഒന്നാം തീയതി ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 1110-രൂപയായി.
മിക്ക രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ നിശ്ശബ്ധത പാലിക്കുന്നതിലെ രഹസ്യവും അവ്യക്തമാണ്. വിറക് കത്തിച്ചോളും, അത്ര സെൻസിറ്റീവ് അല്ല, വോട്ട് ബാങ്കുകളെ സ്വാധീനിക്കില്ല എന്നിങ്ങനെ വിലയിരുത്തുന്നവർ ഉണ്ട്. എന്നാലും വർധനവിന് പിന്നിലെ ന്യായവും കണക്കുകളും കൂടി ദുരൂഹമായി തുടരുന്നു.
അന്താരാഷ്ട്ര മാർക്കറ്റിൽ കുറയുന്നു ഇന്ത്യയിൽ കൂടുന്നു
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതിനാല്‍ ഇവിടെയും വര്‍ധിപ്പിക്കുന്നു എന്നാണ് ഇതിന് ഒരു കാരണം പറഞ്ഞിരുന്നത്. എന്നാൽ നിലവില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞുനില്‍ക്കുന്ന സമയമാണ്. സബ്‌സിഡി സംബന്ധിച്ച് ഇപ്പോൾ മിണ്ടാട്ടമില്ല. നിങ്ങളുടെ അക്കൌണ്ടിൽ നേരിട്ട് എത്തിച്ചല്ലോ എന്നാണ് ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരുടെ അക്കൌണ്ടിലും അങ്ങിനെ ഒരു തുക എത്തുന്നില്ല. ഈ തുക എവിടെ പോകുന്നു എന്തു ചെയ്യുന്നു. അതല്ല എന്ത് കാരണത്താൽ പിൻവലിച്ചു എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി സബ്‌സിഡി എന്ന വാക്ക് എവിടെയും ഇല്ല.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ വിലവര്‍ധന എന്നത് ഈ കളിയിലെ മനപൂർവ്വമുള്ള ഇടപെടൽ വെളിച്ചത്ത് കൊണ്ടു വരുന്നു.
വര്‍ഷത്തില്‍ 10 സിലിണ്ടര്‍ വരെ മാത്രം സബ്‌സിഡി എന്ന നയം മൻമോഹൻ സിങ് കാലഘട്ടത്തിലെയാണ്. എന്നാൽ അത് വീടുകളെ ബാധിച്ചിരുന്നില്ല. ശരാശരി കുടുംബം പത്ത് സിലിണ്ടറിൽ കൂടുതൽ ഉപയോഗിക്കുന്നത് കുറുവായിരുന്നു. മറിച്ചു വില്പന തടയാനായി എന്ന മെച്ചവും ഉണ്ടായിരുന്നു. സബ്‌സിഡി കിട്ടാന്‍ അക്കൗണ്ട് തുടങ്ങിയവര്‍ അക്കൗണ്ട് നിലനിര്‍ത്താന്‍ ബാങ്കുകൾക്ക് പണം നൽകേണ്ടതുണ്ട്.
കണക്ക് കാട്ടി പേടിപ്പിച്ച് കുടുംബ ബജറ്റിൽ കയ്യിട്ടു
2014 മേയ് 26-നാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 14.2 കിലോയുടെ ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില അപ്പോൾ 410 രൂപയായിരുന്നു .
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില, നികുതികള്‍, ഡീലര്‍ കമ്മീഷന്‍, ഡോളറിനെതിരേയുള്ള രൂപയുടെ നില, ബോട്ടിലിങ് ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ എന്നിവ ചേര്‍ന്നാണ് പാചകവാതക വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. ഇംപോര്‍ട്ട് പാരിറ്റി പ്രൈസ് അഥവാ ഐ.പി.പി. അനുസരിച്ചാണ് വില കണക്കാക്കുന്നത്. ആകെ വിലയുടെ 90 ശതമാനവും എല്‍.പി.ഗ്യാസിനാണ്. സിലിണ്ടറിന്റെ ചില്ലറ വിലയുടെ 10 ശതമാനത്തോളം മാത്രമാണ് മേൽ പറഞ്ഞ മറ്റ് ഘടകങ്ങള്‍ ഉള്‍പ്പെടുന്നത്.
ലോക രാഷ്ട്രീയ സാഹചര്യവും വില കുറയാൻ സഹായകമായി, എന്നിട്ടും……….
2021 ഫെബ്രുവരി 24-നാണ് യുക്രൈനെതിരേ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെ ആഗോള വിപണയില്‍ എണ്ണവില കുതിച്ചുയര്‍ന്നു. പ്രധാനമായും മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ കഥ മാറി. മറ്റ് രാജ്യങ്ങൾ അഥവാ ഏറ്റവും കൂടുതൽ എണ്ണ വാങ്ങിക്കുന്ന രാജ്യങ്ങൾ റഷ്യൻ എണ്ണ ബഹിഷ്കരിച്ചു. ഇന്ത്യ അത് അവസരമാക്കി റഷ്യയിൽ നിന്നും വാങ്ങി തുടങ്ങി.
ഓർക്കുക, ലോകത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
എന്താണ് റഷ്യൻ എണ്ണയ്ക്ക് വില കുറഞ്ഞത്
റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും മോസ്‌കോയ്‌ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചു. റഷ്യയുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടു. ഇതോടെ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വിപണി പ്രതിസന്ധി നേരിട്ടു. എന്നാല്‍ സ്വന്തം ഊര്‍ജാവശ്യങ്ങള്‍ പരിഹരിക്കാന്‍ എവിടെനിന്നും, റഷ്യയില്‍നിന്ന് ഉള്‍പ്പെടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമെന്നായിരുന്നു ഇന്ത്യന്‍ നിലപാട് എടുത്തു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യ വിലയില്‍ ഇളവു വരുത്തിയത് ഇന്ത്യ അവസരമാക്കി.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന് മുന്‍പ്, ഒരു ശതമാനത്തില്‍ താഴെയായിരുന്നു റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി. എന്നാല്‍ ഇപ്പോള്‍ ഇത് 35 ശതമാനത്തോളമായി വര്‍ധിച്ചിട്ടുണ്ട്. ദിവസം ശരാശരി 16 ലക്ഷം ബാരൽ എണ്ണ ഇപ്പോൾ ഇന്ത്യയിൽ എത്തുന്നു. റഷ്യയിൽ നിന്നും നാഫ്ത വാങ്ങുന്നത് 15 മടങ്ങായും വർധിച്ചിട്ടുണ്ട്. നേരത്തെ ഇത്രയും ഇറക്കിയത് ഇറാഖിൽ നിന്നായിരുന്നു. വലിയ അളവില്‍, കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭ്യമായിട്ടും പാചകവാതക സിലിണ്ടര്‍ വില വർധിപ്പിച്ചു കൊണ്ടേയിരുന്നു.
യു.പി.എ. അധികാരത്തിലിരുന്ന പത്തുകൊല്ലം ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 2,14,474 കോടിരൂപ സബ്‌സിഡി ഇനത്തില്‍ നല്‍കിയിരുന്നു. അതിനാലാണ് വില അഞ്ഞൂറിനു മുകളില്‍ പോകാതിരുന്നത്. എന്നാല്‍ മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒന്‍പതു വര്‍ഷകാലയളവില്‍ ഈ സബ്‌സിഡി 36,598 കോടിരൂപയായി.
പ്രതിവര്‍ഷം രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക ഭാരമാണ് കേരളത്തിലെ കുടുംബങ്ങൾക്ക് മേൽ ഇതിലൂടെ ഉണ്ടായിട്ടുള്ളത് എന്നാണ് സംസ്ഥാന ധന മന്ത്രി കണക്ക് വെക്കുന്നത്.
ഒരു വര്‍ഷം 10 സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് സബ്‌സിഡി നിര്‍ത്തലാക്കിയതിലൂടെയും ഗ്യാസ് വിലവര്‍ദ്ധനവിലൂടെയും ഏകദേശം 5000 രൂപയുടെ അധികഭാരം വര്‍ഷം തോറും ഉണ്ടാവുകയാണ്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായുള്ള സീഡ് ഫണ്ടിലേക്ക് 2 രൂപ പെട്രോള്‍ ഡീസല്‍ സെസ്സ് വകയിരുത്തിയപ്പോൾ വൻ പ്രതിഷേധം ഉയർന്നു. പക്ഷെ ഗ്യാസ് വിലയിൽ ജനങ്ങളുടെ പ്രതികരണ ശേഷിയെ പ്രത്യേക രീതിയിൽ പരുവപ്പെടുത്തി എടുത്തിരിക്കയാണ്.