രണ്ടുദിവസത്തിനിടെ രണ്ട് റഷ്യന്‍ വിനോദസഞ്ചാരികളെ ഒഡീഷയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. റഷ്യയിലെ വ്‌ളാദിമിര്‍ പ്രവിശ്യയിലെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും മനുഷ്യാവകാശ പ്രർവർത്തകനുമായി പവേല്‍ അന്റോവ്(65) സുഹൃത്ത് വ്‌ളാദിമിര്‍ ബിഡ്‌നോവ്(61) എന്നിവരാണ് മരിച്ചത്.
ഡിസംബര്‍ 22-ാം തീയതിയാണ് വ്‌ളാദിമിര്‍ ബിഡ്‌നോവിനെ ഒഡീഷയിലെ റായ്ഗഡയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാംനിലയിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോട്ടല്‍മുറിക്കുള്ളില്‍ ഇദ്ദേഹത്തിന്റെ ചുറ്റിലും ഒഴിഞ്ഞ വൈന്‍ കുപ്പികളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ടാം ദിവസം സുഹൃത്ത് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
ഈ സംഭവത്തിന് പിന്നാലെ ഡിസംബര്‍ 24-ാം തീയതിയാണ് പവേല്‍ അന്റോവിനെയും ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്. മൂന്നാംനിലയില്‍നിന്ന് താഴേക്ക് വീണാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചോരയില്‍ കുളിച്ചനിലയില്‍ ഹോട്ടലിന് പുറത്താണ് പവേലിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പവേല്‍ അടക്കമുള്ള നാലംഗ റഷ്യന്‍സംഘം റായ്ഗഡയിലെ ഹോട്ടലില്‍ മുറിയെടുത്തത്. പവേലിന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുഹൃത്തിന്റെ മരണത്തിന് പിന്നാലെ ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോട് വ്യക്തമാക്കി.
വ്യവസായിയും കോടീശ്വരനുമായ വ്‌ളാദിമിര്‍ ബിഡ്‌നോവിൻ്റെ ജന്മദിനം ആഘോഷിക്കാൻ കൂടിയാണ് ഇവർ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയത്.
സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുരണ്ടുപേരോടും ഒഡീഷയില്‍ തുടരാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരുടെ മരണത്തിലും ഇതുവരെ ക്രിമിനല്‍ ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ പ്രതികരണം.
അതിനിടെ, ഒഡീഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പവേല്‍ അന്റോവ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ വിമര്‍ശകനാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ യുക്രൈന് നേരേയുള്ള റഷ്യന്‍ ആക്രമണത്തില്‍ ഇദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രസ്താവന പിന്‍വലിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.