എറ്റവും അടുത്ത് പരിചയമുള്ള ഒരാളുടെ മകളുടെ വിയോഗത്തിൽ നിന്നും അദ്ദേഹത്തിൻ്റെ കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും ഉണ്ടായ ആ വേദനയിൽ ഇരുന്നാണ് ഇന്ന് ഇത് എഴുതുന്നത്.നമ്മളാരും സുരക്ഷിതരല്ലെന്നും അരക്ഷിതമായ സമൂഹത്തിലാണ് ജീവിക്കുന്നതെന്നും ഇനിയും മനസ്സിലാക്കാതെ പോയാൽ ദുരന്തങ്ങൾ സംഭവിക്കുന്നവരുടെ കുടുംബത്തിനോ അല്ലെങ്കിൽ ആ വ്യക്തിക്കോ വേണ്ടി whatsapp അല്ലെങ്കിൽ facebook statusകൾ ഇടാൻ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.
സുരക്ഷിതമായ ഒരു ജീവിതം നയിക്കുവാൻ എന്നാണ് നമ്മൾ സ്വയം പരുവപ്പെടുന്നത്?
ഒരു വ്യക്തി എന്ന, ഒരു പൗരൻ എന്ന അവകാശങ്ങൾ ഭരണകൂടവും അധികാരവർഗ്ഗങ്ങളും എന്നാണ് നേടിതരിക?
അധികാരം,ഭരണകൂടങ്ങൾ എന്നീ വാക്കുകളുടെ അർത്ഥം മാറി പോയൊരു നാട്ടിലിരുന്ന് ഇത് എഴുതുമ്പോൾ സ്വയം നെടുവീർപ്പ് ഇടുകയും മറ്റുള്ളവർക്കുവേണ്ടി കണ്ണുനീര് പൊഴിക്കാനും മാത്രമേ നമുക്കിന്ന് ചെയ്യാൻ കഴിയുന്നുള്ളൂ.
ഒരു boat ദുരന്തം ഉണ്ടാവുമ്പോൾ, മറ്റൊരു മധുവും കൂടി ഇവിടെ മരിക്കുമ്പോൾ, സ്ത്രീ പീഡനങ്ങളുടെ എണ്ണം കൂടി വരുമ്പോൾ, പോക്‌സോ കേസുകളുടെ രജിസ്റ്റർബുക്ക് നിറയുമ്പോൾ, സൈബർ കുറ്റകൃത്യങ്ങളിൽ ഒരു പെൺകുട്ടി അവളുടെ ജീവൻ വെടിയുമ്പോൾ, കഞ്ചാവ് കേസുകളും, ലഹരി ഉപയോഗത്തിൻ്റെ കേസുകളും കൂടി വരുമ്പോൾ, ട്രാഫിക് നിയമങ്ങൾ ഒരിക്കലും തെറ്റാതെ ഇരിക്കാൻ AI ക്യാമറകൾ സ്ഥാപിക്കുമ്പോഴും, റോഡ് അപകടങ്ങൾ സാധാരണ കാഴ്ചയായി മാറുമ്പോഴും, ബ്രഹ്മപുരവും, എൻമകജവും, പിന്നെ, ദുരന്തങ്ങളുടെയും സങ്കടങ്ങളുടെയും കെട്ടുകാഴ്ചകളും നിറയുമ്പോഴും, നമ്മൾക്ക് താൽപര്യം അഴിമതി കഥകളുടെ സന്ധ്യചർച്ചകൾക്ക് മാത്രമാകുമ്പോൾ ലോകത്തെങ്ങും ഇല്ലാത്ത അഴുകിയ രാഷ്ടീയത്തിൻ്റെ വോട്ട് പതിക്കൽ യന്ത്രങ്ങൾ മാത്രമായി നമ്മുടെ സമൂഹം മാറുന്നു എന്നറിയുന്നുവെങ്കിലും നാം നിശബ്ദരാവുന്നു.
എന്താണ് നമുക്ക് ചെയ്യാൻ ഉള്ളത്?
എന്താണ് നമ്മൾ ചെയ്യുന്നത്?
അടച്ചാക്ഷേപിക്കുകയും കുറ്റപ്പെടുത്തലുകൾ ചെയ്യുകയും ചെയ്യുന്നതിനപ്പുറം നിങ്ങളുടെയും എൻ്റെയും ഉള്ളിലുള്ള ചില ചോദ്യങ്ങൾ ഒന്ന് പറഞ്ഞുകൊള്ളട്ടെ!
മനുഷ്യന് പ്രാഥമികമായി ശുദ്ധവായു, ശുദ്ധജലം, അടിസ്ഥാനസൗകര്യങ്ങൾ, പ്രാഥമികാരോഗ്യ സംവിധാനങ്ങൾ, നൂതനവും സുതാര്യവുമായ കാലഘട്ടത്തിന് ആവശ്യമായ വിദ്യാഭ്യാസം, മനുഷ്യനും പ്രകൃതിക്കും ഉതകുന്ന വികസനം, മനുഷ്യത്വപരമായ സഹവർത്തിത്വത്തോടെ, സഹകരണത്തോടെ ജീവിക്കാൻ വേണ്ട സാഹചര്യം ഒരുക്കുക എന്നതിനപ്പുറം എന്ത് മഹാകാര്യമാണ്, എന്ത് വലിയ വികസനമാണ് നമുക്ക് ചെയ്യാനാവുക?
ആ പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളിലേക്ക് വീണ്ടും വരാം. ആ സാഹചര്യത്തിൽ ഉണ്ടായിരുന്ന ആളുകൾ , അവളുടെ സഹപ്രവർത്തകർ, സമചിത്തതയോടെ, കൃത്യനിർവഹണത്തിലെസർക്കാരിൽ അർത്ഥസർക്കാരുമായ ഒരു പൗരന് ജീവിക്കാൻ ആവശ്യമായ, അവൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏതൊരു machineryയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.വിവരമില്ലായ്മയും, ലാഘവബുദ്ധിയും കൂടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ദുരന്തങ്ങൾക്ക് ശേഷം വരുന്ന ഭരണകൂടത്തിൻ്റെയും അധികാരികളുടെയും സ്റ്റേറ്റ്മെൻ്റ്കൾ സമൂഹത്തിൻ്റെ നിലവാരതകർച്ചയെ കൂടിയാണ് ബോധ്യപ്പെടുത്തുന്നത്. കുത്തേറ്റു ഡോക്ടർ മരിച്ചത് അക്രമം തടയാൻ അനുഭവപരിചയം ഇല്ലാത്തത് കൊണ്ടാണെന്ന് പറയുന്ന ആരോഗ്യമന്ത്രിമാർ ഉള്ള ഈ നാട്ടിൽ എന്ത് സുരക്ഷയാണ് സർക്കാരിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുക. ഒരു കുടുംബത്തിൽ ഒരു ദുരന്തം ഉണ്ടാവുമ്പോൾ ആ കുടുംബത്തിൻ്റെ സന്തോഷങ്ങളും, അവരുടെ പ്രതീക്ഷകളുമാണ് ഇല്ലാതാവുന്നത്.ദുരന്തങ്ങളും അപകടങ്ങളും നിൻ്റെ കുടുംബത്തിലേക്ക് കയറി വരുമ്പോൾ മാത്രമേ നിനക്ക് മനസിലാകൂ, അതുവരെ അത് സ്റ്റാറ്റസ്സുകളും പോസ്റ്റുകളും മാത്രമായി മാറുന്നു.
ഇന്ന് ആ പ്രിയപ്പെട്ട അനിയത്തിയുടെ വീട്ടിൽ ഒരുപാട് പേരുണ്ടാകും, നാളെയും കുറച്ച് പേരുണ്ടാകും, മറ്റന്നാൾ അവർ ഒറ്റക്കാകും, ആ അച്ഛനും അമ്മയും മാത്രമായി മാറും, ആർക്കും ആരുടെയും പകരക്കാരകാൻ ആവിലല്ലോ.
പ്രിയസഹോദരി, മാപ്പ് 🙏
പോലീസ് എന്ത് ചെയ്തെന്നും, ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണം എന്നും, രാജ്യത്ത് ഇതിനുമുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യവും ഈ സംസ്ഥാനത്തിൻ്റെ പരമോന്നതകോടതി ചോദിക്കുമ്പോൾ ഉത്തരം നൽകാൻ ബാധ്യസ്ഥരായവർ അടുത്ത ദുരന്തത്തിന് മറുപടി പറയാൻ വാക്കുകൾ തിരയുകയാണ്.സമരങ്ങളും മാധ്യമ ചർച്ചകളും ഒക്കെ കുറച്ചു നാളത്തേക്ക് കൂടി ഉണ്ടാവും. പിന്നെ എല്ലാം പോലെ ഇതും അങ്ങ് അവസാനിക്കും. എല്ലാവരും ബോധപൂർവ്വം ഒക്കെ മറക്കും. നഷ്ടപെട്ടവരുടെ പ്രിയപ്പെട്ടവർ മാത്രം കുറച്ചു കാലം കൂടെ ഓർക്കും, വേദനിക്കും. അതൊക്കെ അത്രേ ഒള്ളൂ..!!
കേരളത്തിൽ ഇനിയും അവശേഷിക്കുന്ന ഡോക്ടർ സുഹൃത്തുക്കളോട് പറയാൻ ഉള്ളത് :
പേടികൂടാതെ ജോലി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ നല്ല നാടുകളിലേക്ക് എത്രയും പെട്ടന്ന് താമസം മാറുക. ബോധവും വിവരവും ഉള്ള മനുഷ്യരുടെ സമൂഹത്തിൽ ജോലി ചെയ്യുക. നാടും രാജ്യവും ഇമോഷൻസും പിടിച്ചിരുന്നിട്ടൊന്നും ഒരു കാര്യവും ഇല്ല. നിങ്ങളെ ഒക്കെ തല്ലി കൊല്ലാൻ പോലും മടിയില്ലാത്ത മനുഷ്യരുള്ള നാടാണ് ഇത്. ഇവിടെ സിസ്റ്റം ഒന്നും ഒരിക്കലും മാറാൻ പോവുന്നില്ല. ഈ ടോക്സിക് സൊസൈറ്റി ഒന്നും നിങ്ങളെ അർഹിക്കുന്നുമില്ല. സ്വന്തം ജീവിതം സേഫ് ആക്കാൻ നോക്കുക. എല്ലാവരും എല്ലാം മറക്കും. പക്ഷേ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നിങ്ങളെ ഒള്ളൂ. നഷ്ടം എപ്പോഴും നിങ്ങൾക്ക് മാത്രമായിരിക്കും…!!
വിട പ്രിയപ്പെട്ട അനിയത്തി
– ശ്രീനാഥ് രഘു