ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിൻ്റെ നായകനായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ തിരഞ്ഞെടുത്തു. ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതോടെയാണ് നിയമനം. പുതിയ ക്യാപ്റ്റൻ്റെ സ്ഥാനാരോഹണം സംബന്ധിച്ച ഫ്രാന്‍സ് ദേശീയ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവും.
കഴിഞ്ഞ ജനുവരിയിലാണ് ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് നായകനായിരുന്ന ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ഇദ്ദേഹം 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ചു. ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിഎസ്ജി യുടെ സൂപ്പര്‍താരം എംബാപ്പെയുയും വരവ് ടീമിന് പുതു ജീവൻ നൽകും എന്നാണ് വിലയിരുത്തൽ.
സൂപ്പര്‍താരത്തിന്റെ ഗോളടിമികവിലാണ് ഫ്രാന്‍സ് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേ പരാജയപ്പെട്ടെങ്കിലും ഹാട്രിക് നേടിയ എംബാപ്പെയുടെ പ്രകടനം ഏവരുടേയും മനം കവര്‍ന്നു. എട്ടുഗോളുകളോടെ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയാണ് സൂപ്പര്‍താരം ഖത്തറില്‍ നിന്ന് മടങ്ങിയത്. 2018 ല്‍ ലോകകപ്പ് ജേതാവായ എംബാപ്പെ ടൂര്‍ണമെന്റിലെ മികച്ച യുവതാരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രഞ്ച് ദേശീയ ടീമിനായി 66 മത്സരങ്ങള്‍ കളിച്ച എംബാപ്പെ 36 ഗോളുകളും നേടിയിട്ടുണ്ട്.
ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് എംബാപ്പെ. ശനിയാഴ്ച നെതര്‍ലന്‍ഡ്‌സിനെതിരായ 2024 യൂറോ ക്വാളിഫയര്‍ മത്സരത്തില്‍ ഫ്രാന്‍സിനെ എംബാപ്പെ നയിക്കും.