ക്രിമിനൽ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന ജുഡീഷ്യൽ കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ സൂറത്ത് സെഷൻസ് കോടതി നാളെ വിധി പറഞ്ഞേക്കും. സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കണമെന്നും ഹർജിയില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നതുവരെ കുറ്റം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്.
ഏപ്രിൽ 13 നാണ് ഹർജിയിൽ വാദം പൂർത്തിയായത്. നേരിട്ട് അപമാനിക്കപ്പെട്ട ഒരാൾക്ക് മാത്രമേ മാനനഷ്ടക്കേസില്‍ പരാതി നൽകാനാകൂ എന്ന് രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആർ എസ് ചീമ വാദിച്ചു. പൂർണേഷ് മോദിക്ക് പരാതി നൽകാനുള്ള അർഹതയുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേസെടുക്കാൻ സൂറത്ത് ജുഡീഷ്യൽ മാജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നതാണ് രാഹുൽ ഗാന്ധിയുടെ മറ്റൊരു വാദം. കർണാടകയിൽ നടത്തിയ പ്രസംഗം ഗുജറാത്തിലെ കോടതിയുടെ പരിധിയിൽ വരില്ലെന്നും രാഹുൽ ഉന്നയിച്ചു. രാഹുൽ ഗാന്ധിക്ക് പുറമെ പരാതിക്കാരനായ പൂർണേഷ് മോദിയുടെ ഭാഗവും കോടതി കേട്ടു. ഇതിന് ശേഷമാണ് കേസിൽ വിധി പറയാൻ നാളത്തേക്ക് മാറ്റിയത്.