ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെതിരായ വിമർശനങ്ങൾക്കിടെ മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ ബീന ഫിലിപ്പിന്‍റെ നിലപാട് തള്ളി പരസ്യ പ്രസ്താവന ഇറക്കി.
‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയില്‍ പങ്കെടുത്ത് സംസാരിച്ചത് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സി.പി.എം എല്ലാ കാലവും ഉയര്‍ത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സി.പി.ഐ.എം-ന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നു. – പി. മോഹനന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നും ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി തന്നോട് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും വിവാദത്തിന് പിന്നാലെ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞിരുന്നു. ഈ വിശദീകരണം കൂടി വന്നതോടെയാണ് പാർട്ടി നടപടി.
ബാലഗോകുലം സ്വത്വ 2022 മാതൃസമ്മേളനത്തിലാണ് ബീന ഫിലിപ്പ് പങ്കെടുത്തത്. കേരളം ശിശുപരിപാലനത്തില്‍ ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് മാതൃസംഗമത്തില്‍ മേയര്‍ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.
വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് കെ സുരേന്ദ്രൻ
മേയര്‍ ബീന ഫിലിപ്പ് പരിപാടിയിൽ പങ്കെടുത്തതിൽ എന്ത് തെറ്റാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു. മേയര്‍ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിയ സി.പി.എം നിലപാട് അവരുടെ ഇരട്ട നീതിയുടെ ഉദാഹരണമാണ്.
മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. മേയര്‍ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് – കെ സുരേന്ദ്രൻ പറഞ്ഞു.
സി പി എം ചിലവിൽ ആർഎസ്എസ് മേയർ എന്ന് കോൺഗ്രസ്
സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സിപിഐഎമ്മിന്റെ ചെലവില്‍ ആര്‍എസ്എസിന് മേയറെ കിട്ടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.
വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണം. ‘സംഘപരിവാര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മേയര്‍ കേരളത്തെ ഇകഴ്ത്തുകയും ഉത്തരേന്ത്യയെ പുകഴ്ത്തുകയും ചെയ്തു. വര്‍ത്തമാന കാലം കണ്ട കേരളത്തിലെ ഏറ്റവും വലിയ മോദി, യോഗി ഭക്തയായി കോഴിക്കോട്ടെ സിപിഐഎം മേയര്‍ മാറി.
ഈ മേയര്‍ ഉള്‍പ്പടെയുള്ള പലരുടെയും മനസില്‍ ആര്‍എസ്എസ് ആണ്, ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നവരാണ് ഇവരൊക്കെ. അത് സിപിഐഎം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ സിപിഐഎം അതിന് കൂട്ടുനില്‍ക്കുന്നു. ആര്‍എസ്എസ് ബാന്ധവത്തെ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്നു.
കഴിഞ്ഞ രണ്ടുപ്രാവശ്യവും സിപിഐഎം കോഴിക്കോട് ഭരണം പിടിച്ചത് ബിജെപിയുമായുള്ള രഹസ്യബന്ധത്തിലൂടെയാണ്. പോകാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്ന് മേയര്‍ പറഞ്ഞത് ശുദ്ധവിഢിത്തമാണ്. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല. അഡ്വ. പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.