ഇന്ത്യൻ യുവാവുമായി പ്രണയത്തിലായി അതിർത്തി കടന്നെത്തിയ പെൺകുട്ടിയെ പൊലീസ് പിടികൂടി പാകിസ്ഥാനിലേക്ക് തിരികെ അയച്ചു. ഞായറാഴ്ച അട്ടാരി ലാൻഡ് ബോർഡർ വഴിയാണ് പൊലീസ് പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് തിരിച്ചയച്ചത്. സെപ്റ്റംബറിലാണ് ഇഖ്റ എന്നു പേരുള്ള 19 കാരി ഇന്ത്യയിലെത്തിയത്.
മൊബൈൽ ഫോണിൽ ലുഡോ കളിച്ച് ഉത്തർപ്രദേശ് സ്വദേശിയായ മുലായം സിങ് എന്ന 26കാരനുമായി പരിചയത്തിലായി. പിരിയാൻ വയ്യാതായതോടെ ഇരുവരും ഒന്നിക്കാൻ തീരുമാനിച്ചു. പല വഴികൾ തേടി എങ്കിലും നടന്നില്ല. ഒടുവിൽ പെൺകുട്ടി ഇന്ത്യയിലേക്ക് വരാമെന്നേറ്റു.
വിസ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതോടെ പദ്ധതി പൊളിഞ്ഞു. എന്നാൽ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ യുവാവ് കുറുക്കു വഴി കണ്ടെത്തി. തുടർന്ന് സെപ്റ്റംബർ 19ന് ഇഖ്റ കാഠ്മണ്ഡുവിലെത്തി. അവിടെ വെച്ച് ഇരുവരും സ്വന്തമായി വിവാഹ കർമ്മം നടത്തി. ഒരാഴ്ചയോളം അവിടെ താമസിച്ചു.
പിന്നീട് ബിഹാറിലെ സനോലി അതിർത്തി വഴി പെൺ കുട്ടിയെ ഇന്ത്യയിലേക്ക് കടത്തി കൊണ്ടു വന്നു. തുടർന്ന് ഇരുവരും ബെംഗളൂരുവിൽ എത്തി സ്ഥിരതാമസമാക്കി. ഹിന്ദു പേര് സ്വീകരിച്ചാണ് പെൺകുട്ടി യുവാവിനൊപ്പം കഴിഞ്ഞത്. വ്യാജ തിരിച്ചറിയൽ കാർഡും ഉണ്ടാക്കി.
പാകിസ്ഥാനിലെ ബന്ധുക്കളുമായി പെൺകുട്ടി ഫോണിൽ ബന്ധപ്പെട്ട് തുടങ്ങിയതോടെ പൊലീസിൻ്റെ നിരീക്ഷണത്തിലായി.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് ഒളിച്ചോടിയതാണെന്ന് മനസ്സിലായത്. തുടർന്ന് പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തനിക്ക് നാട്ടിലേക്ക് പോകേണ്ടെന്നും കാമുകന്റെ കൂടെ ഇന്ത്യയിൽ താമസിച്ചാൽ മതിയെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ, നിയമ പ്രശ്നങ്ങളിൽ പ്രണയം കുരുങ്ങി. പെൺകുട്ടിയെ തിരിച്ചയക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.