റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് എം പിമാർ ഇല്ലെന്ന സങ്കടം മാറ്റാം എന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന ബിജെപി നേതാക്കളെ കണ്ട ശേഷമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ബിഷ്പ്പ് ഹൗസില്‍ വെച്ച് തന്നെയാണ് ബിജെപി നേതാക്കളും പാംപ്ലാനിയും തമ്മിൽ ചർച്ച നടന്നത്. ഇതിന് പിന്നാലെ ഞായറാഴ്ചയാണ് റബ്ബര്‍ വില വര്‍ധിപ്പിച്ചാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന പ്രസ്താവന പാംപ്ലാനി നടത്തിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി, ജോസ് എ വണ്‍, ലുയിസ്, എന്നീ നേതാക്കളാണ് ചൊവ്വാഴ്ച ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്. ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങളില്‍ ന്യൂനപക്ഷമോര്‍ച്ചയുടെ ഇടപെടല്‍ പ്രശംസനീയം ആണെന്ന് കൂടിക്കാഴ്ചയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടതായി ബിജെപി നേതാക്കള്‍ അറിയിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത ശനിയാഴ്ച ആലക്കോട് സംഘടിപ്പിച്ച കര്‍ഷകറാലിയിലാണ് കര്‍ഷകരെ ബി.ജെ.പി. സഹായിച്ചാല്‍ തിരിച്ചും സഹായിക്കുമെന്ന് പാംപ്ലാനി വ്യക്തമാക്കിയത്. ബിഷപ്പിന്റെ പ്രസ്താവന പുറത്തായതോടെ സി.പി.എം., കോണ്‍ഗ്രസ് നേതാക്കള്‍ ഞായറാഴ്ച രംഗത്തെത്തിയിരുന്നു.
ബി.ജെ.പി.യോട് അയിത്തമൊന്നുമില്ല. പിന്തുണയ്ക്കുന്നതിന് മടിയുമില്ലെന്നും വിശദീകരണമായി ബിഷപ്പ് പറഞ്ഞിരുന്നു. ഇത് സഭയുടെ തീരുമാനമല്ലെന്നും കര്‍ഷകരുമായി കൂടിയാലോചിച്ച് എടുത്തതാണെന്നും ആയിരുന്നു ന്യായം.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കേരളത്തിലും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന നരേന്ദ്രമോദിയുടെ വാക്കുകള്‍ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചത്.