സെപ്റ്റംബർ നാലിന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച തീരുമാനത്തിൽ വിശദീകരണവുമായി സർക്കാർ. അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരെ ഒട്ടാകെ ക്ഷണിച്ചുവെന്നും സർക്കാർ അറിയിച്ചു. സതേൺ സോണൽ കൗൺസിൽ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നുണ്ട്. കേരളമാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
ഈ മാസം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗം കോവളത്ത് നടക്കുന്നുണ്ട്. ഇതിൽ അമിത് ഷാ അടക്കം പ്രമുഖർ പങ്കെടുക്കും. യോഗത്തിനെത്തുമ്പോൾ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.
നെഹ്‌റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
വി ഡി സതീശൻ
അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ലാവ്‌ലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്നമെന്ന് വ്യക്തമാക്കണം. സി.പി.എമ്മും ഡല്‍ഹിയിലെ സംഘപരിവാര്‍ നേതൃത്വവും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന യു.ഡി.എഫ്. ആരോപണം അടിവരയിടുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്ന് ആരോപിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചവരാണ് സി.പി.എം. നേതാക്കള്‍. ഷിബു ബേബിജോണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാന്‍ ഗുജറാത്തില്‍ പോയതിന്റെ പേരില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. അന്ന് പ്രേമചന്ദ്രനെയും ഷിബു ബേബിജോണിനെയും അധിക്ഷേപിച്ച സി.പി.എം. നേതാക്കള്‍ക്ക് ഇപ്പോള്‍ അമിത് ഷായെ ക്ഷണിച്ച പിണറായി വിജയന്റെ നടപടിയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സതീശന്‍ പറഞ്ഞു.
ഈ അവസരവാദ നിലപാടില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറയണം. സി.പി.എം. കേന്ദ്ര ഘടകത്തെ നിയന്ത്രിക്കുന്ന സംസ്ഥാന ഘടകമാണ് കേരളത്തിലുള്ളത്. ഇത് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിലും കണ്ടതാണ്. ബി.ജെ.പി .വിരുദ്ധതയാണ് സി.പി.എം കേന്ദ്ര ഘടകത്തിന്റെ നിലപാടെങ്കിലും കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമാക്കി സംസ്ഥാന നേതൃത്വം ഹൈജാക്ക് ചെയ്തു. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തകര്‍ക്കണമെന്ന ആഗ്രഹമുള്ളവരാണ് കേരളത്തിലെ സി.പി.എമ്മുകാരെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സി.പി.ഐ. സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ ഒരു കാര്യവുമില്ലെന്നും സതീശന്‍ പറഞ്ഞു. ലോകായുക്ത ബില്ലിനെ ശക്തിയായി എതിര്‍ത്തെന്നാണ് സി.പി.ഐ. പറഞ്ഞത്. പിന്നീട് സി.പി.എമ്മുമായി ഒത്തുതീര്‍പ്പിലെത്തി. പിണറായി വിജയനെതിരെ മന്ത്രിസഭയിലെ ഒരാളുടെയും ചുണ്ടനങ്ങില്ല. ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിച്ചാണ് അദ്ദേഹം മന്ത്രിസഭ ഉണ്ടാക്കിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.