ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച മൂന്നു പേരിൽ ഒരാള്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഇത് കൊലപാതക ശ്രമമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. മദ്യം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞുമോൻ്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കഴിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന മനോജിനെ കൊല്ലാനാണ് സുധീഷ് ഉന്നം ഇട്ടത്. പക്ഷെ കൊല്ലപ്പെട്ടത് ബന്ധുവായി.
ബീവറേജിൽ നിന്നും മദ്യം വാങ്ങി വിഷം കലർത്തിയെന്ന് സുധീഷ് പൊലീസിനോട് സമ്മതിച്ചു. മദ്യം വഴിയിൽ നിന്നും കിട്ടിയതാണ് എന്നു പറഞ്ഞ് കൊണ്ടുപോയി കൊടുത്തത് സുധീഷ് തന്നെയാണ്. വഴിയിൽ കിടന്ന് ലഭിച്ചെന്ന് പറഞ്ഞാണ് സുധീഷ് മദ്യ കുപ്പി നൽകിയത് എന്ന് ചികിത്സയിലുള്ളവർ പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നീട് കത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തു. ഇതാണ് കേസിൽ വഴിത്തിരിവായത്.
ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണ് കിട്ടിയതായി പറഞ്ഞ് നൽകിയ മദ്യം അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് കുടിച്ചത്. പിന്നീട് അവശനിലയി ആശുപത്രിയിൽ എത്തി. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ജനുവരി 12 നാണ് അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ മരിച്ചത്.