കെഎസ്ഇബിയില്‍ വിലക്ക് ലംഘിച്ച് സമരം ചെയ്തതിന് നടപടി നേരിട്ട ഇടതു യൂണിയന്‍ നേതാവിന് വന്‍ തുക പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനും മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എം ജി സുരേഷ് കുമാറിനാണ് കെഎസ്ഇബി 6,72,560 രൂപ പിഴയിട്ടിരിക്കുന്നത്. അനധികൃതമായി കെസ്ഇബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഈ മാസം 19നാണ് തീയതിയാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക് സുരേഷിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് എം ജി സുരേഷ് കുമാർ ന്യൂസ് 18നോട് പറഞ്ഞു. നോട്ടീസ് കിട്ടിയിട്ടില്ല. തനിക്കെതിരെ വാർത്തയുണ്ടാക്കാൻ ശ്രമം നടന്നു. തന്നോട് വിശദീകരണം ചോദിക്കാതെ മീഡിയക്ക് നൽകിയത് വ്യക്തിഹത്യ നടത്താനാണ്. ഈ നിമിഷം വരെ വിശദീകരണം ചോദിച്ചിട്ടില്ല. വ്യക്തിപരമായ ആരോപണം സംഘടനയുമായി കൂട്ടി കെട്ടണ്ട. ഇത് പ്രതികാര നടപടിയാണോ എന്ന് കാണുന്ന വർക്ക് അറിയാം. ഓഫീസിന്റെ പ്രവർത്തനങ്ങൾക്കായാണ് വാഹനം ഉപയോഗിച്ചത്. ഔദ്യോഗിക യാത്രക്കിടയിൽ വീട്ടിൽ പോയത് തെറ്റല്ലെന്നും മന്ത്രിയുടെ അനുമതിയോടെയാണ് പോയതെന്നും സുരേഷ് കുമാർ പറഞ്ഞു.
എന്നാല്‍ കെ കെ സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം. കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.