കേരളത്തിൽ ഭക്ഷ്യ വിഷബാധ തുടർക്കഥയാവുന്നു
ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമകളായ രണ്ടുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളൂരു സ്വദേശി അലക്സ്, ഷവര്‍മയുണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. സ്ഥാപനത്തിന്റെ മറ്റൊരു മാനേജിങ് പാര്‍ട്ണർ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞദിവസമാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്‌പോയിന്റില്‍നിന്ന് ഷവര്‍മ കഴിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ(16) ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഷവര്‍മ കഴിച്ച മറ്റു 31 വിദ്യാര്‍ഥികൾ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടി.
ആരോഗ്യവകുപ്പിൻ്റെ നടപടികൾക്കെതിരെ ഇതിനിടെ ശക്തമായ വിമർശനം ഉയർന്നു. ഭക്ഷണ പാനീയ കടകളിൽ പരിശോധന പേരിന് മാത്രമാണ്. ലൈസൻസ് ലഭിക്കുമ്പോഴുള്ള ഒത്തു തീർപ്പിൽ എല്ലാം കഴിയുന്നു എന്നാണ് പരാതി.
വേങ്ങരിയൽ കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഫുഡ് പോയിസനിങ്ങ് ഉണ്ടായിരുന്നു. പൊലീസ് എത്തിയാണ് ഹോട്ടൽ പൂട്ടിച്ചത്. തിരുവനന്തപുരം ശ്രീകാര്യം ജങ്ഷനിൽ നിന്നും പാർസൽ ഫുഡ് വാങ്ങി കഴിച്ച പോങ്ങുംമൂട് സ്വദേശികൾ ആശുപത്രിയിലായിരുന്നു. മട്ടന്നൂരിൽ ജ്യൂസ് കഴിച്ചവർ ആശുപത്രിയിലായ സംഭവവും ഉണ്ടായി. കാസർക്കോട് ചെറുവത്തൂരിൽ പടന്ന കടപ്പുറത്ത് ഐസ് ക്രീം കഴിച്ചവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ വിഷബാധ റിപ്പോർട്ട് ചെയ്തു. രണ്ടു ദിവസത്തെ വ്യത്യാസത്തിലാണ് ഇവയെല്ലാം.
അഥിതി തൊഴിലാളികളെ വെച്ച് ഉത്തരവാദിത്തമില്ലാതെ നടത്തുന്ന സ്ഥാപനങ്ങളിലാണ് അപകടങ്ങൾ ഏറുന്നത്. കേരളത്തിൽ മുൻ കാലങ്ങളിൽ കേട്ടുകേൾവി ഇല്ലാത്തവിധമാണ് ഭക്ഷ്യവിഷബാധ പെരുകുന്നത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ നിസ്സംഗത പാലിക്കുന്നതാണ് പതിവ്.
ദേവനന്ദയുടെ മരണത്തിനിടയാക്കിയ സ്ഥാപനത്തിന് ഫുഡ് ലൈസൻസ് ഇല്ലായിരുന്നു. എന്നിട്ടും ഇത്രയും നാൾ എങ്ങിനെ പ്രവർത്തിച്ചു എന്നതിന് ഉത്തരമില്ല.
വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയന്റില്‍നിന്ന് ദേവനന്ദയടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടു. രാവിലെ പത്തുമണിയോടെ രോഗലക്ഷണമുള്ളവര്‍ ചെറുവത്തൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ എത്തിത്തുടങ്ങി. ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്‍കി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കുമാറ്റി. അവിടെവെച്ചായിരുന്നു ദേവനന്ദയുടെ മരണം. മൂന്നുമാസംമുമ്പ് അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് മട്ടലായിലെ ബന്ധുവീട്ടിലായിരുന്നു ദേവനന്ദ താമസം. ചെറുവത്തൂരിലെ സമാന്തര വിദ്യാഭ്യാസസ്ഥാപനത്തില്‍ ശനിയാഴ്ചയാണ് ദേവനന്ദ പരിശീലനത്തിനുചേര്‍ന്നത്.
മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് എ.വി. സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇ.എം.എസ്. മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍.