സ്വർണക്കടത്ത് വിവാദത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കാൻ താത്പര്യമുള്ളവർ സ്വപ്‌നയ്ക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ടർ ടിവി എംഡി എം.വി നികേഷ് കുമാർ. ഇക്കാര്യത്തിൽ എച്ച്ആർഡിഎസിനെ സംശയമുണ്ടെന്നും എം.വി നികേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അടുത്ത് പരിചയമുണ്ട്, എന്നാൽ അദ്ദേഹത്തിന് വേണ്ടി മധ്യസ്ഥനാകാനില്ലെന്നും നികേഷ് കുമാർ പറഞ്ഞു.
‘സ്വപ്‌നാ സുരേഷ് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് നികേഷ് കുമാർ മുഖ്യമന്ത്രിയുടെ ശബ്ദവും നാക്കുമാണെന്ന് ഷാജ് കിരൺ പറഞ്ഞു എന്നാണ്. ഷാജ് കിരൺ എന്നെ ബോധപൂർവം കുടുക്കാൻ വേണ്ടി ഒരു അഭിമുഖത്തിന് വേണ്ടി എന്നെ ക്ഷണിച്ചുവെന്ന നിലയിലാണ് ഞാൻ മനസിലാക്കുന്നത്. ഇന്ന് ഓഡിയോ ടേപ്പ് പുറത്ത് വിട്ടപ്പോൾ ഷാജ് കിരൺ അത്തരമൊരു കാര്യം പറയുന്നില്ല. കഴിഞ്ഞ ദിവസം രണ്ട് മൂന്ന് വട്ടം ഷാജ് കിരൺ എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്ക് എടുക്കാൻ സാധിച്ചില്ല. സർ വെരി അർജന്റ്, സ്വപ്‌നാ സുരേഷ് കേസ് എന്ന് ഒരു മെസേജ് അയച്ചു. ഞാൻ എന്റെ 9 വരെ യുള്ള ഷോ കഴിഞ്ഞ ശേഷം ഈ മെസേജ് കണ്ട് ഷാജ് കിരണിനെ തിരികെ വിളിച്ചു. സ്വപ്നയെ കൊണ്ട് ഇതെല്ലാം പറയിക്കുന്നത് അഭിഭാഷകനാണെന്നും സന്നദ്ധ സംഘടനയുടെ തടവിലാണ് സ്വപ്‌നയെന്നും, അവർക്ക് കാര്യങ്ങൾ തുറന്ന് പറയണമെന്ന് ആഗ്രഹമുണ്ടെന്നും ഷാജ് പറഞ്ഞു. സ്വപ്‌നയുമായി അഭിമുഖം നടത്താൻ അങ്ങനെ തയാറായി. പക്ഷേ അവിടെ പോകാൻ സാധിച്ചില്ല. പോകാതിരുന്നത് നന്നായി’- നികേഷ് കുമാർ പറഞ്ഞു.