തൃശൂര്‍ പീച്ചിയിലെ സിഐടിയു പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ സംഘടനാ നേതൃത്വത്തിനെതിരെ കുടുംബം. സജിയെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രാദേശിക നേതാക്കളുടെ ഭീഷണിയാണെന്ന് സഹോദരന്‍ ബിജു ആരോപിച്ചു. കരാറുകാരനില്‍ നിന്ന് അനധികൃത പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതാണ് സജിയെ ഒറ്റപ്പെടുത്താന്‍ കാരണം. ഇതിനു പുറമെ പാലം പണിയിൽ ഉൾപ്പെടെ കാശ് വാങ്ങിച്ച നേതാക്കളുണ്ട് ബിജു ആരോപിച്ചു.
സിപിഐഎം നേതൃത്വത്തില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നതായി സജിയുടെ സഹപ്രവര്‍ത്തകന്‍ പ്രിന്‍സ് സ്ഥിരീകരിച്ചു. സജിയുടെ ആത്മഹത്യക്ക് കാരണം ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്റെയും ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെയും ഭീഷണി മൂലമാണെന്നും പ്രിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.
‘പാലം പണിക്ക് അടക്കം ലക്ഷങ്ങളാണ് പാര്‍ട്ടിയുടെ പേരില്‍ ഭീഷണിപ്പെടുത്തി വാങ്ങിയത്. ഒരു കമ്മ്യൂണിസ്റ്റ്കാരനെന്ന നിലയിലാണ് ഞാനും പെട്ടിസജിയും അത് ചോദ്യം ചെയ്തത്. അങ്ങനെ ഞങ്ങള്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായി.
സജിയുടെ ആത്മഹത്യയില്‍ സിഐടിയുവിന് ബന്ധമില്ലെന്ന വിശദീകരണവുമായി നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും നേതൃത്വം ആരോപിച്ചിരുന്നു.