2022 ൽ ഇന്ത്യയിലെ പത്തുലക്ഷത്തിലധികം കുട്ടികൾ മീസിൽസിനുള്ള പ്രതിരോധകുത്തിവെപ്പ് എടുത്തിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. സിഡിസി- US Centers for Disease Control and Prevention- ൻ്റെയും ലോകാരോഗ്യസംഘടനയുടേയും റിപ്പോർട്ടിലാണ് പരാമർശം. ആഫ്രിക്കൻ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ നില.
ഉയർന്ന പകർച്ചാസാധ്യതയുള്ള മീസിൽസ് അഥവാ അഞ്ചാംപനി തടയുന്നതിൽ പ്രതിരോധകുത്തിവെപ്പ് പ്രധാനമാണ്. 2022-ൽ മീസിൽസ് വ്യാപനം ഉണ്ടായ 37രാജ്യങ്ങളിൽ ഒന്നുമായിരുന്നു ഇന്ത്യ.
നൈജീരിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, എത്യോപ്യ, പാകിസ്ഥാൻ, അംഗോള, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബ്രസീൽ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളും മീസിൽസ് കുത്തിവെപ്പിന്റെ കാര്യത്തിൽ പുറകിലാണ്.
194 രാജ്യങ്ങളിൽ നിന്നുള്ള കണക്കുകൾ ശേഖരിച്ചാണ് മീസിൽസ് കുത്തിവെപ്പിന്റെ പുരോഗതി പരിശോധിച്ചത്. ആഗോളതലത്തിൽ 33ദശലക്ഷം കുട്ടികൾക്കാണ് 2022-ൽ മീസിൽസ് വാക്സിൻ നഷ്ടമായത്. 22 ദശലക്ഷത്തോളം പേർക്ക് ഒന്നാംഘട്ട ഡോസും 11 ദശലക്ഷം പേർക്ക് രണ്ടാംഡോസും നഷ്ടമായെന്ന് റിപ്പോർട്ടിലുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2022 ൽ മീസീൽ ബാധിച്ചുള്ള മരണം 43 ശതമാനം വർധിച്ചതായും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നുണ്ട്.
കോവിഡിനെക്കാൾ വ്യാപന ശേഷി
വൈറസാണ് രോഗം പരത്തുന്നത്. വായുവിലൂടെ അതിവേഗം പകരും. ഉമിനീര്‍ത്തുള്ളിയിലൂടെയും പകരാം. കോവിഡിനേക്കാള്‍ വ്യാപനശേഷിയുണ്ട്.
ലക്ഷണം
കണ്ണ് ചുവന്നുവരും. വായില്‍ തരിതരിപോലെ ഉണ്ടാകും. നാലഞ്ചുദിവസംകൊണ്ട് മുഖത്തും ദേഹമാസകലവും തരിതരിപോലെ പൊന്തും. ജലദോഷ ലക്ഷണങ്ങളും കാണിക്കും.
മരണകാരിയാകാം
കുറച്ചുകാലത്തേക്കെങ്കിലും രോഗപ്രതിരോധശേഷി തീര്‍ത്തും കുറയും. ഈ കാലയളവില്‍ ബാക്ടീരിയ ആക്രമണംമൂലം പലവിധ രോഗങ്ങള്‍ വരാം. വയറിളക്കം, ന്യുമോണിയ, തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് തുടങ്ങിയവ വന്നേക്കാം. അപസ്മാരത്തിനിടയാക്കും. അഞ്ചാംപനി ബാധിച്ചവര്‍ക്ക് പത്തുവര്‍ഷത്തിനുശേഷവും തലച്ചോറിനെ ബാധിക്കുന്ന പലവിധ രോഗങ്ങള്‍ വരാൻ സാധ്യതയുണ്ട്.
മീസല്‍സ് റൂബെല്ല (എം.ആര്‍.) വാക്സിന്‍ രണ്ടുഡോസ് എടുത്താല്‍ 80-90 ശതമാനം പേര്‍ക്കും രോഗംവരാതെ കഴിയും. കുഞ്ഞ് ജനിച്ച് ഒമ്പതുമാസമാകുമ്പോള്‍ ഒന്നാംഡോസും ഒന്നരവയസ്സാകുമ്പോള്‍ രണ്ടാംഡോസും എടുക്കണം. അഞ്ചുവയസ്സിനുള്ളിലെങ്കിലും രണ്ടുഡോസും എടുത്തിരിക്കണം.