ഹോട്ടലിൽ നടത്തിയ റെയ്‌ഡിൽ, 10 കോടി രൂപ വിലയുള്ള തിമിംഗില വിസർജ്യവുമായി (ആംബർഗ്രീസ്) മൂന്നുപേരെ അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് ഗ്രീൻലാൻഡ് ടൂറിസ്റ്റ് ഹോമിൽ നടത്തിയ റെയ്ഡിൽ ടാക്സിഡ്രൈവർ കൊവ്വൽപള്ളി കോടോത്തുവളപ്പിൽ കെ വി നിഷാന്ത് (41), പെയിന്റിങ് തൊഴിലാളി മുറിയനാവി മാടമ്പില്ലത്ത് സിദ്ദിഖ് (31), കൊട്ടോടി മാവിൽ ഹൗസിൽ പി ദിവാകരൻ (45) എന്നിവരെയാണ് ഡിസിആർബി ഡിവൈഎസ്‌പി അബ്ദുൽറഹിമും സംഘവും പിടികൂടിയത്.
നിഷാന്ത് കർണാടകത്തിൽ നിന്നാണ് അംബർഗ്രീസ് എത്തിച്ചത് എന്നാണ് മൊഴി. ഏജന്റായ ദിവാകരൻ ഇതിന് വിലയിട്ടശേഷം അടുത്ത ദിവസം പണവുമായി ആളെ എത്തിക്കാനായിരുന്നു നീക്കം.
ഇതിനിടയിലാണ് പൊലീസ് റെയ്‌ഡ്. രഹസ്യ വിവരത്തെത്തുടർന്ന് ഒരു മാസത്തോളമായി പൊലീസ് ഇവരെ നിരീക്ഷിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷൻ ക്ലീൻ കാസർകോടി’ന്റെ ഭാഗമായാണ് പരിശോധന നടന്നത്.
എണ്ണത്തിമിംഗലത്തിൽ നിന്ന് ലഭിക്കുന്നതാണ് ആംബർഗ്രീസ്. തിമിംഗലത്തിന്റെ കുടലിൽ തടസ്സവും അസ്വസ്ഥതയും ഉണ്ടാകുമ്പോൾ വിസർജിക്കുന്നതാണിത്. ഔഷധക്കൂട്ടായും സുഗന്ധദ്രവ്യ നിർമാണത്തിനും ഉപയോഗിക്കുന്നു. സുഗന്ധദ്രവ്യത്തിന് കൂടുതൽ നേരം സുഗന്ധം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത പശ (ഫിക്സേറ്റീവ്) എന്ന നിലയിൽ ഇതിന് സ്വർണത്തേക്കാൾ വിലയുണ്ട്.