കവിത – നകുല്‍ വി.ജിയുടെ തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരം
കാഴ്ചയെ കലയാക്കി മാറ്റുന്ന വിദ്യയാണു പലപ്പോഴും നകുലിന്റെ കവിത. ചിലപ്പോഴത് കാഴ്ചയുടെ സൂക്ഷ്മമായ ആവിഷ്‌കാരമാകുന്നു. അല്ലെങ്കില്‍ സാധാരണകാഴ്ചയെ മറ്റൊന്നാക്കി മാറ്റുന്നു. ഓര്‍ക്കാപ്പുറത്തു മുന്നിലെത്തുന്ന ഒരു കാഴ്ചയില്‍ അടക്കിവെച്ചിരിക്കുന്ന മറ്റു കാഴ്ചകള്‍ കാണാനുള്ള കണ്ണ് കവിക്കുണ്ട്. ഒപ്പം കാഴ്ചയില്‍നിന്നു ചില തിരിച്ചറിവുകളിലേക്കും എത്തിച്ചേരുന്നു
മനോജ് കുറൂര്‍
![](/wp-content/uploads/2023/05/Kavitha-Cvr-1024x753.webp)
തന്റെ ഇടമേതെന്നറിയാന്‍ വെറും തന്റേടം മാത്രം പോരാ, മറ്റിടങ്ങള്‍കൂടിയറിയണം എന്നു ബോദ്ധ്യമുള്ള കവിയാണ് നകുല്‍ വി.ജി. പേനയോ കീബോര്‍ഡോ കൊണ്ട് നിഷ്‌കളങ്കമായി വാക്കുകള്‍ നിരത്തുന്ന നിരവധി കവികളുണ്ട്. ചുറ്റുപാടുകളെയും തന്നെത്തന്നെയും സൂക്ഷ്മതയോടെ നിരീക്ഷിക്കാനും ഭാഷയെന്ന മാധ്യമത്തോടും കവിതയെന്ന സാഹിത്യരൂപത്തോടുമുള്ള ഉത്തരവാദിത്വത്തോടെ എഴുതാനും ശ്രമിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണെന്നു മാത്രം. എഴുതിത്തുടങ്ങിയ കാലം മുതല്‍ ഇത്തരമൊരു കരുതല്‍ പുലര്‍ത്താനും വേറിട്ടു കേള്‍ക്കുന്ന ചില ഒച്ചകള്‍ക്കൊപ്പമായിരിക്കെത്തന്നെ തന്റെ ഒച്ച പ്രത്യേകമായി കേള്‍പ്പിക്കാനും ശ്രദ്ധിക്കുന്ന കവിയാണു നകുല്‍. കവിതയില്‍ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ ചലനങ്ങളെ ഈ കവി വായനയിലൂടെ പിന്തുടരുന്നു. കവിതയിലുണ്ടാവേണ്ടതെന്ത് എന്നതിനെപ്പറ്റി ചെറുപ്പത്തിന്റെ ആവേശത്തോടെ ധാരണകള്‍ സ്വരൂപിക്കുന്നു. ഓരോ മികച്ച കവിക്കും തനിക്കു മാത്രം കണ്ടെത്താവുന്ന സ്വന്തമായ ചില ഇടങ്ങളുണ്ട് എന്നു തിരിച്ചറിയുന്നു. പെന്‍സില്‍ ചിത്രങ്ങള്‍, ഒന്നാം ക്ലാസ്സുകാരന്റെ പ്രാര്‍ത്ഥനാപുസ്തകം, പകല്‍ ത്രികോണങ്ങളും മൃഗമേഘങ്ങളും, പെണ്‍വൃത്തം എന്നീ കവിതാസമാഹാരങ്ങള്‍ ഈ അന്വേഷണങ്ങളുടെയും ആവിഷ്‌കരണങ്ങളുടെയും സാക്ഷ്യങ്ങളാണ്.
കാഴ്ചയെ കലയാക്കി മാറ്റുന്ന വിദ്യയാണു പലപ്പോഴും നകുലിന്റെ കവിത. ചിലപ്പോഴത് കാഴ്ചയുടെ സൂക്ഷ്മമായ ആവിഷ്‌കാരമാകുന്നു. അല്ലെങ്കില്‍ സാധാരണകാഴ്ചയെ മറ്റൊന്നാക്കി മാറ്റുന്നു. ഓര്‍ക്കാപ്പുറത്തു മുന്നിലെത്തുന്ന ഒരു കാഴ്ചയില്‍ അടക്കിവെച്ചിരിക്കുന്ന മറ്റു കാഴ്ചകള്‍ കാണാനുള്ള കണ്ണ് കവിക്കുണ്ട്. ഒപ്പം കാഴ്ചയില്‍നിന്നു ചില തിരിച്ചറിവുകളിലേക്കും എത്തിച്ചേരുന്നു. ഉറങ്ങിക്കിടക്കുന്ന ഓരോ മൃഗത്തിന്റെയും ഉള്ളില്‍ അതിന്റെ മൃഗീയതയോളംതന്നെ വലിയ ഒരു ബുദ്ധനും ഉറങ്ങിക്കിടക്കുന്നു എന്ന തിരിച്ചറിവിലെത്തുന്നത് സിംഹത്തിനു മുന്നില്‍പ്പെട്ട മുയലിന്റെ പെരുമാറ്റം കണ്ടിട്ടാണ്. (മൃഗബുദ്ധന്‍). വന്യമായ കാമനകളും കരുണയുള്ള കരുതലുകളും തമ്മിലുള്ള വിചിത്രബന്ധം നകുലിന്റെ പ്രിയപ്പെട്ട വിഷയമാണ്. ഉടലുള്‍വനം എന്ന കവിത വന്യമായ ആസക്തികളുടെ ഉത്സവമാകുമ്പോഴും മനസ്സുകൊണ്ടുള്ള ചില തിരിച്ചറിവുകള്‍ അതിലുമുണ്ട്. ആസക്തികളുടെ രുചിഭേദങ്ങളാണ് പെണ്‍തീറ്റ എന്ന കവിതയിലുമുള്ളത്. ഇത്തരം കവിതകളുടെ ഉള്ളടക്കമെന്തായാലും ഓരോ വാക്കിലുമൂന്നി ശ്രദ്ധയോടെ ചിത്രങ്ങള്‍ കൊരുത്തെടുക്കാനാണ് കവി മിക്കപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ അവ ഒരിക്കലും ദ്വിമാനമോ ത്രിമാനമോ ആയ ഒരു ജഡവസ്തുവായിത്തീരാത്തത് ഓരോ കാഴ്ചയുടെയും ഉള്ളില്‍ കരുതിവയ്ക്കുന്ന വികാരങ്ങളും ഇരുത്തംവന്ന തിരിച്ചറിവുകളുംകൊണ്ടാണ്. അചേതനമായ വസ്തുക്കള്‍ക്ക് ജീവന്‍ നല്കുന്ന രാസപ്രക്രിയയിലൂടെ കടന്നുപോകുന്നതുകൊണ്ടാണ് യുദ്ധാനന്തരം മരണപ്പെട്ടവര്‍ പുനര്‍ജ്ജനിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ആയുധങ്ങള്‍ (ശവോപനിഷത്ത്) നമ്മെ ചൂഴ്ന്നുനില്ക്കുന്ന ഭയമായി വളരുന്നത്. ചൂണ്ടയിടുന്നവര്‍ പുഴകളിലെഴുതിയ കവിതകള്‍ എന്നതുപോലെ തലക്കെട്ടുതന്നെ സ്വയംപൂര്‍ണ്ണമായ കവിതയാകുന്നതും പലപ്പോഴും കാണാം. തലക്കെട്ടിനു താഴെ അത് മേല്പറഞ്ഞതരത്തില്‍ ജീവിതാഭിമുഖ്യം പുലര്‍ത്തുകയുംചെയ്യുന്നു. ഇലകളുടെ പ്രാര്‍ത്ഥനാപുസ്തകത്തിലെപ്പോലെ കാഴ്ചകള്‍ സൂക്ഷ്മമായ ചലനചിത്രങ്ങളുമാകുന്നതാണ് ഈ കവിതകളിലെ മറ്റൊരു കാവ്യാനുഭവം. ഇളംകാറ്റിലടര്‍ന്നുവീണ് തിളവെയിലില്‍ പിടയുമ്പോള്‍ ഇനിയടര്‍ന്നുവീഴുന്ന ഓരോ ഇലയും ചിത്രശലഭങ്ങളായി പറന്നുയരണമെന്ന ഇലകളുടെ പ്രാര്‍ത്ഥന നോക്കുക. കവിതയുടെ അവസാനവരിയില്‍നിന്നു തലക്കെട്ടിലേക്കു ചെല്ലുമ്പോഴാണ് കവിത പൂര്‍ണ്ണമാകുന്നത്. താഴേക്കു പറന്നിറങ്ങലും പിന്നെ മുകളിലേക്കുള്ള കുതിച്ചുപൊങ്ങലും കവിതയുടെ രൂപത്തില്‍ത്തന്നെയുണ്ട്. ഇലകളുടെ പതനമെന്ന യാഥാര്‍ത്ഥ്യവും ചിത്രശലഭങ്ങളായുള്ള ഉയര്‍ത്തെഴുന്നേല്പ് എന്ന ഭാവനയും ആദ്യം മൂര്‍ത്തവും പിന്നെ അമൂര്‍ത്തവുമായ ചലനങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ കവിത വളരെ സൂക്ഷ്മമായ ഒരു രചനാശില്പമായിത്തീരുന്നുണ്ട്. രണ്ടു സ്ത്രീപക്ഷചിന്തകള്‍ തുടങ്ങി പല കവിതകളിലും ഈ രീതി സാര്‍ത്ഥകമായിത്തീരുന്നുണ്ട്. അനുഭവങ്ങളും ഓര്‍മ്മകളും നമ്മോടെന്താണു ചെയ്യുന്നത്? മനുഷ്യബന്ധങ്ങള്‍ക്ക് അവയുമായിട്ടാണ് ബന്ധമുള്ളതെങ്കില്‍ മറവിയെ നാം എങ്ങനെ കണക്കാക്കണം? ഓര്‍മ്മയ്‌ക്കൊപ്പം മറവിയും അനുഭവങ്ങള്‍ക്കൊപ്പം അവയുടെ മായികതയും പ്രമേയമാകുന്ന കവിതയാണ് കുട്ടിക്കളികളിലെ ഞങ്ങള്‍. ഓര്‍മ്മയ്‌ക്കൊപ്പം മറവിയെയും അനുഭവങ്ങള്‍ക്കൊപ്പം അവയുടെ അസാന്നിദ്ധ്യത്തെയും അന്വേഷിക്കുന്ന ദ്വന്ദ്വങ്ങളുടെ കെട്ടുപിണയല്‍ ഇത്തരം കവിതകളെ സങ്കീര്‍ണ്ണമാക്കുന്നു. കൂട്ടിപ്പിന്നിയ ചരടുകളുടെയോ ചില കടുംകെട്ടുകളുടെയോ ഒക്കെ പെട്ടെന്നഴിച്ചെടുക്കാന്‍ വയ്യാത്ത കാഴ്ചക്കുരുക്കിന്റെ മാന്ത്രികഭംഗിയാണവയ്ക്ക്.
കവിതകളെയും അവയുടെ ആവിഷ്‌കാരത്തെയും പറ്റിയുള്ള ഉത്കണ്ഠകള്‍ പങ്കുവയ്ക്കുന്ന കവിതകള്‍ പലതും പുതുകാലത്തുണ്ടാവുന്നുണ്ട്. നകുലിന്റെ അത്തരം കവിതകള്‍ക്കും ചില സവിശേഷതകളുണ്ട്. തന്റെ കവിതകളില്‍ തൃപ്തിവരാതെ ഉപേക്ഷിച്ചു മരച്ചുവട്ടിലിരിക്കുമ്പോള്‍ മരത്തിന്റെ നിഴല്‍ തനിക്കുമീതേ വീണുകിടക്കുന്നു. ആ നിഴലിന്റെ ഭാരത്തില്‍ അസ്വസ്ഥനാവുന്നെങ്കിലും തണലിന്റെ കവിത കവി തിരിച്ചറിയുന്നു. (കാവ്യ ബുദ്ധന്‍). ആവിഷ്‌കാരത്തിനപ്പുറം കവിതയ്ക്കു കാരണമാകുന്ന അനുഭവത്തില്‍ കവിത കണ്ടെത്തുന്നു എന്നതിനെക്കാള്‍ എഴുത്തും എഴുത്തിനെപ്പറ്റിയുള്ള എഴുത്തും ചേര്‍ന്ന് വാക്കുകളിലൂടെത്തന്നെ മറ്റൊരു കവിത രൂപം കൊള്ളുന്നു എന്ന സംഗതിയാണു പ്രധാനം. വായന അതില്‍പ്പെട്ടുപോകുന്നത് നാം അറിയുകയേയില്ല.
മറ്റു കവിതകളുടെ വായനയെ തന്റെ എഴുത്തുമായി ചേര്‍ത്തു വയ്ക്കുന്ന കവിതകളുമുണ്ട്. തന്റെ കവിതയുടെതന്നെ അപനിര്‍മ്മാണമാണ് ‘റീ-റൈറ്റിംഗ്’ എന്ന കവിത. മൗലികത എന്ന സങ്കല്പംതന്നെ പൊളിഞ്ഞുപോകുന്നത് അവിടെ കാണാം. രചനാശൈലിയുടെ സാദൃശ്യംകൊണ്ട് തന്റെ കവിതയെ മറ്റൊരാളുടെ കവിതയെന്നു വിളിക്കപ്പെടുക, മറ്റേയാളുടെ അനുഭവങ്ങള്‍ തനിക്ക് അന്യമാവുക, സങ്കല്പനത്തിലൂടെത്തന്നെ ഒരാള്‍ മറ്റൊരാളായിത്തീരുക, ആത്യന്തികമായി അയാളുടെ അനുഭവങ്ങള്‍ തന്റേതാവുകയോ കവിതതന്നെ അനുഭവങ്ങളില്‍നിന്നു വേറിട്ട് ഭാഷകൊണ്ടുള്ള ഒരു നിര്‍മ്മിതിയാവുകയോ ചെയ്യുക എന്നിങ്ങനെ എഴുത്തിന്റെ രഹസ്യങ്ങളിലേക്കുള്ള സഞ്ചാരമായിത്തീരുന്നുണ്ട് റീ-റൈറ്റിംഗ്. റെയ്ന്‍ ഡിയര്‍ അഥവാ മഞ്ഞിടങ്ങളിലെ മാന്‍നടത്തങ്ങള്‍ ഇത്തരത്തില്‍ കവിയെയും അപനിര്‍മ്മിക്കുന്നു. മറ്റൊരാള്‍ വായിക്കാത്ത പുസ്തകങ്ങള്‍ക്കിടയിലൊന്നായി താനും വായിച്ചാല്‍ മടുക്കാത്ത അവളും എന്ന തിരിച്ചറിവിലേക്കെത്താന്‍ പുസ്തകങ്ങളുടെ പെണ്‍വടിവ് സഹായിക്കുന്നുണ്ട് ‘പുസ്തകന്‍’ എന്ന കവിതയില്‍.
നകുലിന്റെ കവിതയില്‍ ആവര്‍ത്തിക്കുന്ന ചില പ്രമേയങ്ങളും രചനാതന്ത്രങ്ങളും സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്. എന്നാല്‍ അവയ്ക്കപ്പുറം ഓരോരുത്തര്‍ക്കും കവിത ഓരോന്നാവുന്നതിനുള്ള സാദ്ധ്യത നിലനില്ക്കുന്നുമുണ്ട്. നല്ല കവിത അങ്ങനെയാണ്. നിര്‍വ്വചിക്കാന്‍ ശ്രമിക്കുംതോറും ചിലതു ബാക്കിയായിക്കൊണ്ടേയിരിക്കും. പല വായനകളിലൂടെ പൂരിപ്പിക്കേണ്ട ഇടങ്ങള്‍. നകുലിന്റെ കവിതകളില്‍ അങ്ങനെ ചിലതുണ്ട്. പല വായനകള്‍ അവയെയും കണ്ടെടുക്കട്ടെ. ഒപ്പം തുടര്‍ന്നുള്ള വായനകള്‍ക്കായി ചിലതു ബാക്കിവയ്ക്കട്ടെ.