പട്ടാള ഭരണകൂടവും പ്രതിഷേധ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്ന മ്യാൻമാറിൽ 11 പേർ മരിച്ചു. ഗ്രാമീണരാണ് മരിച്ചത്. ഇതിൽ എട്ട് കുട്ടികളും ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മ്യാൻമാർ നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് നേരെ പട്ടാളം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം. ഇന്ത്യൻ അതിർത്തിയിലെ ചിൻ സംസ്ഥാനത്താണ് ഇത്. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പട്ടാളം സ്ഥിരീകരിച്ചിട്ടില്ല. 2021 ൽ ജനാധിപത്യ ഗവൺമെൻ്റിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ച ശേഷം പോരാട്ടങ്ങൾ നടക്കുന്ന മേഖലയാണ്. ചിൻ സംസ്ഥാനത്തെ റിഹ്കവാദ പ്രദേശം പട്ടാള ഗവൺമെൻ്റിൽ നിന്നും വിമോചിതമായതായി ചിൻ നാഷണൽ ഫ്രണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പട്ടാള ഭരണത്തിന് എതിരായി സമാന്തരമായി പ്രവർത്തിക്കുന്ന നാഷണൽ യൂണിറ്റി ഗവൺമെൻ്റിലെ മാനവിക വകുപ്പ് മന്ത്രി നഗി താങ് മൌങ് സേനാ ജെറ്റുകൾ ജനവാസ മേഖലയിൽ ബോംബാക്രമണം നടത്തിയതായി ന്യൂസ് ഏജൻസികളോട് വെളിപ്പെടുത്തി. ചിൻ സംസ്ഥാനത്തെ വുയിലു മലയോര മേഖലയിൽ രണ്ട് ജെറ്റുകളിലായാണ് ആക്രമണം ഉണ്ടായത്.
രണ്ട് വിദ്യാലയങ്ങളും 18 വീടുകളും തകർന്നു. കൊല്ലപ്പെട്ട കുട്ടികൾ എട്ട് പേരും 12 വയസിന് താഴെയുള്ളവരാണ് എന്നും വ്യക്തമാക്കി. 80 വീടുകളുള്ള ഗ്രാമമാണ് ഇത്.
ചൈനയ്ക്ക് ചേർന്നുള്ള ഷാൻ സംസ്ഥാനത്തും പോരാട്ടം രൂക്ഷമാണ് എന്ന് റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമാറിൽ ഒക്ടോബറിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ 70 പേർ കൊല്ലപ്പെട്ടു. രണ്ട് ലക്ഷം പേർ അഭയാർത്ഥികളായി. ഇന്ത്യയിലേക്ക് ആറായിരത്തോളം പേർ അടുത്ത കാലത്തായി എത്തിയിട്ടുണ്ട്. മിസോറാമിലേക്കാണ് ഏറ്റവും വലിയ പ്രവാഹം ഉണ്ടായത്. 33000 ൽ അധികം പേർ അഭയാർത്ഥി ക്യാമ്പുകളിൽ ഉണ്ട്.