സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെയാണ് എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്. ഇത്ര പെട്ടെന്ന് മറ്റൊരു പദവി കൂടി നല്‍കിയാല്‍ ഇരട്ട പദവി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്ന് വരുമെന്നാണ് ഈ വിഭാഗം ഉന്നയിക്കുന്ന തർക്കം.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുക എന്ന തീരുമാനമാണ് ഇരട്ടപദവി വാദത്തിൽ തടയിടുന്നത്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരണമെന്ന് നേരത്തെതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതിനിടെയാണ് ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗം നടന്നിരുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.വസീഫിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്‌ഐ നേതൃത്വം മുന്നോട്ട് വെച്ചത്. ഡിവൈഎഫ്‌ഐ തീരുമാനം പാര്‍ട്ടി അംഗീകരിച്ചാല്‍ ചിന്തയ്ക്ക് പകരം വസീഫ് പ്രസിഡന്റ് ആകാനാണ് സാധ്യത. അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് വസീഫ് പരിഗണിക്കപ്പെടും. നിലവിലെ സെക്രട്ടറിയായ വികെ സനോജിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.
എന്നാൽ ചിന്താ ജെറോമിൻ്റെ പേര് നേതൃത്വം ആഗ്രഹിച്ചത് പോലെ ഉയർന്നു വന്നില്ല. ഇത് മറികടന്ന് വനിത നേതൃപദവിയിൽ എന്ന മാറ്റത്തിലേക്ക് പോകുമോ എന്നാണ് കാത്തിരിക്കുന്നത്.