ടിക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് സംഗീത പ്രേമികൾക്കായി പുതിയ ആപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കള്‍ക്ക് പുതിയ പാട്ടുകള്‍ കണ്ടെത്താനും ആസ്വദിക്കാനും സാധിക്കുന്ന ആപ്ലിക്കേഷനാണ്.
സ്‌പോട്ടിഫൈ, ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പടെയുള്ള സേവനങ്ങളോടായിരിക്കും ഈ സേവനം മത്സരിക്കുക. റെസ്സോ എന്ന പേരില്‍ ബൈറ്റ്ഡാന്‍സിന് ഒരു മ്യൂസിക് സ്ട്രീമിങ് ആപ്പ് ഉണ്ട്. ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിക്കപ്പെട്ടുവെങ്കിലും റെസ്സോ ആപ്പ് ഇപ്പോഴും ലഭ്യമാണ്.
കമ്പനിയുടെ പ്രധാന സേവനമായ ടിക് ടോക്കിന്റെ പ്രധാന ആപ്ലിക്കേഷനില്‍ ഹ്രസ്വ വീഡിയോകള്‍ക്കൊപ്പം പാട്ടുകള്‍ക്കും പ്രാധാന്യമുണ്ട്. ഒരു മ്യൂസിക് സ്ട്രീമിങ് സേവനം സ്വന്തമായുണ്ടെങ്കില്‍ ടിക് ടോക്കിന് വേണ്ടിയുള്ള പാട്ടുകള്‍ നേരിട്ട് തന്നെ എത്തിക്കാനാവും.
ടിക് ടോക് മ്യൂസിക്….
യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നല്‍കിയ ട്രേഡ് മാര്‍ക്ക് ആപ്ലിക്കേഷന്‍ അനുസരിച്ച് പുതിയ ആപ്പിന് ടിക് ടോക്ക് മ്യൂസിക് എന്നാണ് പേര്. ആപ്പ് എന്ന് പുറത്തിറക്കുമെന്ന് വ്യക്തമല്ല.
ഫാഷന്‍, സ്‌പോര്‍ട്‌സ്, സമകാലീന പരിപാടികള്‍, വിനോദം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഓഡിയോ ലൈവ് സ്ട്രീമിങ്, വീഡിയോ ഇന്ററാക്റ്റീവ് മീഡിയാ പ്രോഗ്രാമിങ് എന്നിവ ടിക് ടോക്ക് മ്യൂസിക് അനുവദിക്കുമെന്നാണ് ട്രേഡ്മാര്‍ക്ക് അപേക്ഷയില്‍ പറയുന്നത്.
ടിക് ടോക്ക് മ്യൂസിക് നിലവില്‍ വന്നാല്‍ റെസ്സോ ആപ്പില്‍ ലഭ്യമായ ചില ഫീച്ചറുകള്‍ അതില്‍ ലഭ്യമായേക്കും. ടിക് ടോക്കിന് സമാനമായ സ്‌ക്രോളിങ് ഇന്റര്‍ഫെയ്‌സ് ആണ് റെസ്സോയ്ക്കുള്ളത്. സ്‌പോട്ടിഫൈയ്ക്കും, യൂട്യൂബിനും സമാനമായി ഉപഭോക്താക്കളുടെ ബ്രൗസിങ് ഹിസ്റ്ററി അടിസ്ഥാനമാക്കിയാണ് ഇതില്‍ നിര്‍ദേശങ്ങള്‍ കാണിക്കുന്നത്.
പാട്ടുകളുടെ വരികള്‍ കാണാനും പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫ്‌ലൈന്‍ ആയി കേള്‍ക്കാനും റെസ്സോയില്‍ സൗകര്യമുണ്ട്. ബ്രസീലിലും ഇന്ത്യയിലും മാത്രമാണ് റെസ്സോ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
സ്‌പോട്ടിഫൈ നേരിട്ട് പുറത്തിറക്കുന്ന ഉള്ളടക്കങ്ങള്‍ പോലെ ടിക് ടോക്ക് മ്യൂസിക് ഒറിജിനല്‍സ് എന്ന പേരില്‍ സ്വന്തം ഉള്ളടക്കങ്ങള്‍ അവതരിപ്പിക്കാനും സാധ്യതയുണ്ട്. ടിക് ടോക്ക് മ്യൂസിക്കില്‍ ലഭ്യമായ എല്ലാ പാട്ടുകളും ടിക് ടോക്കിന്റെ പ്രധാന ആപ്പില്‍ വീഡിയോകള്‍ നിര്‍മിക്കാനായി ലഭ്യമാവും.