ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ, എന്റെ മോനെ എവിടെ പോയി തിരയണം “, മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിൻ്റെ അമ്മ ശ്രീലത മകനെ നഷ്ടമായ വേദന സഹിച്ചതിന് പിന്നാലെ വീണ്ടും ആരും നേരിടാത്തൊരു സങ്കടത്തിലാണ്.
ജൂൺ ഏഴിനാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിനെ (36) കാണാതായത്. കാത്തിരിപ്പിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കൾ മൃതദേഹം ദീപകിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ജൂലൈ 19-ന് ചിതയൊരുക്കി സംസ്കരിച്ചു.
മകനെ നഷ്ടപ്പെട്ട ദുഖത്തിനിടയിലാണ് സംസ്കരിച്ച യുവാവിൻ്റെ ഡി.എൻ.എ. പരിശോധനാ ഫലം വന്നത്. മൃതദേഹം ആളുമാറി സംസ്കരിച്ചതാണെന്ന് ഇതോടെ പൊലീസ് സ്ഥിരീകരിച്ചു.
എങ്കിൽ എൻ്റെ മകൻ എവിടെ – കാണാതായ മകനെ ഓർത്ത് വീണ്ടും വിങ്ങിപ്പൊട്ടുകയാണ് ശ്രീലത. അവന് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എവിടെ പോയിരിക്കും… ദുഖവും ആശങ്കയും നീളുകയാണ് ഈ അമ്മയുടെ.
അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് 2021 മാർച്ചിലാണ് നാട്ടിൽ തിരിച്ചെത്തുന്നത്. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്.
മുമ്പൊരിക്കലും ഇതു പോലെ കാണാതെ പോയിരുന്നു. സുഹൃത്തിന്റെ കയ്യിൽനിന്ന് പണം വാങ്ങാൻ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂർ പോലീസിൽ പരാതി നൽകി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.
ജൂൺ ഏഴിന് ദീപക് പോയപ്പോളും ആദ്യ ദിവസങ്ങളിൽ വീട്ടുകാർ കരുതിയത് മുമ്പത്തെപോലെ അവൻ തിരിച്ചുവരുമെന്നു തന്നെയാണ്.
കാണാതായ ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോൾ ഫോണിൽ ചാർജില്ലെന്നും ഓഫായിപ്പോകും എന്നും പറഞ്ഞിരുന്നു. ഇതാണ് ദീപകിന്റെ ഫോണിൽ നിന്നും വന്ന അവസാനത്തെ കോൾ. ബിസിനസ് തുടങ്ങാനായി പത്തുലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്ന് കിട്ടാനുണ്ടെന്നും ഇത് വാങ്ങാനാണ് പലപ്പോളായി പോയതെന്നും ദീപക് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇത് ആരിൽ നിന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറയുന്നു.