ഉത്തരേന്ത്യയിൽ വില കുത്തനെ ഇടിഞ്ഞതോടെ ഉള്ളിയും വെളുത്തുള്ളിയും ഉപേക്ഷിച്ച് കർഷകര്‍. കിലോയ്ക്ക് 50 പൈസ നിരക്കിലേക്ക് വില താഴ്ന്നു. ഉള്ളിയും വെളുത്തുള്ളിയും റോഡിൽ ഉപേക്ഷിച്ചും നദിയിലൊഴുക്കിയും തീയിട്ടുമാണ് മധ്യപ്രദേശിലെ കർഷകർ പ്രതിഷേധിച്ചത്. മധ്യപ്രദേശിലെ മന്ദ്സഊർ മണ്ഡിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വെളുത്തുള്ളി വിപണി. ഇവിടെ കർഷകർ എത്തുന്നത് കണ്ണീരുമായാണ്.
പ്രതീകാത്മകമായി ഉള്ളിക്ക് തീയിട്ട് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചാണ് അവർ പ്രതിഷേധിച്ചത്. വിളകൾക്ക് മിനിമം താങ്ങുവില നൽകണമെന്നാണ് ദീർഘ കാലമായി കർഷകരുടെ ആവശ്യം. കാർഷിക നിയമ പരിഷ്കരണ സമയത്തെ ആവശ്യവും ഇതായിരുന്നു.
7000 രൂപയ്ക്ക് വിത്ത് വിത്ത് വാങ്ങി വിതച്ചപ്പോൾ 400- 500 രൂപ മാത്രമാണ് വിളയ്ക്ക് ലഭിച്ചത് എന്ന് കർഷകർ പറയുന്നു. ഇത്തവണ വിളവ് കുറവായിരുന്നിട്ടും വില കുറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്സഊർ മാർക്കറ്റിൽ കഴിഞ്ഞയാഴ്ച കർഷകർക്ക് ക്വിന്റലിന് 100 രൂപയാണ് നൽകുന്നത്. പരമാവധി 6,665 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണിത്
മറ്റ് വിപണികളിൽ കിലോയ്ക്ക് 45-50 പൈസ വരെ വില കുറഞ്ഞു. അതുപോലെ, ഉള്ളി കർഷകർക്ക് ക്വിന്റലിന് പരമാവധി 1,244 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ 50 രൂപയായി
ഓപ്പൺ മാർക്കറ്റിലാണ് വെളുത്തുള്ളിയുടെ വിപണി ഇടപാട് നടക്കുന്നത്. മാത്രമല്ല കയറ്റ് ഇറക്കുമതി നിയന്ത്രണ നിയമത്തിന് കീഴിൽ വെളുത്തുള്ളിയും ഉള്ളിയും വരുന്നില്ല. ഇറാനിൽ നിന്നും ചെൈനയിൽ നിന്നും മികച്ചതും വലിപ്പമുള്ളതുമായ വെളുത്തുള്ളി വരുന്നുണ്ട്. ഇവയ്ക്ക് ഡിമാൻ്റ് കൂടുതലാണ്.
കര്‍ഷകര്‍ വെള്ളുത്തുള്ളിയും, ഉള്ളിയും നദികളില്‍ വലിച്ചെറിയുന്നത്തിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ട്വിറ്ററിൽ പങ്കുവച്ചു. അടിയന്തിര നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017 ല്‍ കര്‍ഷകര്‍ താങ്ങുവിലക്കായി പ്രക്ഷോഭം നടത്തിയിരുന്നെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അന്ന് വിവിധ പ്രക്ഷോഭങ്ങളിലായി ആറ് കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 2011-12 ലെ 1.15 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2020-21 ൽ 1.98 ലക്ഷം മെട്രിക് ടണ്ണായി ഉത്പാദം ഏകദേശം ഇരട്ടിയായിട്ടുണ്ട്. കൃഷി ചെയ്യുന്ന വിസ്തൃതിയും ഇരിട്ടിയായി. എന്നാൽ കർഷകരെ ഉല്പാദനത്തിനനുസരിച്ച് സംരക്ഷിക്കാൻ സംവിധാനങ്ങൾ ഒന്നുമുണ്ടായില്ല. സംസ്ഥാനത്തെ മാൽവ-നിമാദ് മേഖലയിലാണ് വെളുത്തുള്ളി പ്രധാനമായും വിളയുന്നത്.
